കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായുള്ള അടുത്ത ഘട്ട ചർച്ചകൾക്കായി താൻ തയ്യാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി. അമേരിക്കയും യുക്രെയ്നും റഷ്യയും പങ്കെടുക്കുന്ന ത്രികക്ഷി സമാധാന ചർച്ചകൾക്ക് വേദിയൊരുക്കാൻ യുഎസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ ചർച്ച എവിടെ, എപ്പോൾ വേണമെന്ന കാര്യത്തിൽ റഷ്യയുടെയും അമേരിക്കയുടെയും തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് സെലെൻസ്കി വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിൽ ഇസ്രയേൽ-ഇറാൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് യുക്രെയ്നിലേക്കുള്ള ലോകശ്രദ്ധ കുറയ്ക്കുന്നതിൽ സെലെൻസ്കി ആശങ്ക പ്രകടിപ്പിച്ചു. ഇറാൻ യുദ്ധം കാരണം യുക്രെയ്ന് ആവശ്യമായ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കൻ നിർമ്മിത പേട്രിയറ്റ് മിസൈലുകൾക്ക് പകരമായി ഫ്രഞ്ച് നിർമ്മിത മിസൈൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി അദ്ദേഹം ചർച്ച നടത്തി.

യുക്രെയ്നിന്റെ ഡ്രോൺ സാങ്കേതികവിദ്യ അമേരിക്കയ്ക്ക് ആവശ്യമില്ലെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ സെലെൻസ്കി തള്ളി. പ്രതിരോധ സഹകരണത്തിനായി 5000 കോടി ഡോളറിന്റെ കരാർ താൻ മുൻപോട്ട് വെച്ചിരുന്നതായും അതിൽ ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. യുക്രെയ്നിന്റെ അത്യാധുനിക ഡ്രോൺ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ പങ്കുവെക്കാൻ തയ്യാറാണെന്നും എന്നാൽ എന്തുകൊണ്ടാണ് ട്രംപ് കരാറിൽ ഒപ്പിടാത്തതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
