മൺട്രിയോൾ: ആർട്ടെമിസ് II ദൗത്യം വൈകിയെങ്കിലും, കനേഡിയൻ ബഹിരാകാശ സഞ്ചാരി ജെറമി ഹാൻസൻ ഉൾപ്പെടെയുള്ള നാലംഗ സംഘം ശാരീരികമായും മാനസികമായും പൂർണ്ണ സജ്ജരാണെന്ന് ഗവേഷകർ. ദൗത്യം ഏപ്രിൽ 1-ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ബഹിരാകാശ വൈദ്യശാസ്ത്ര ഗവേഷകനായ ഡോ. ഫർഹാൻ അസ്റാർ ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ 1 മുതൽ 6 വരെയുള്ള ദിവസങ്ങളിലൊന്നിൽ വിക്ഷേപണം നടത്താനാണ് നാസയുടെ പുതിയ തീരുമാനം. നേരത്തെ ഫെബ്രുവരിയിൽ നിശ്ചയിച്ചിരുന്ന ദൗത്യം ഹീലിയം, ഹൈഡ്രജൻ ചോർച്ച സാങ്കേതിക കാരണങ്ങളാൽ നീട്ടിവെക്കുകയായിരുന്നു. ലണ്ടൻ ഒന്റാരിയോ സ്വദേശിയായ ജെറമി ഹാൻസനൊപ്പം റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരാണ് മറ്റ് സംഘാംഗങ്ങൾ. വിക്ഷേപണം നീണ്ടുപോയത് ബഹിരാകാശയാത്രികർക്ക് തിരിച്ചടിയല്ലെന്ന് ഡോ. അസ്റാർ പറയുന്നു. വർഷങ്ങളായി തുടരുന്ന കഠിനമായ ശാരീരിക പരിശീലനവും സാങ്കേതിക പരീക്ഷണങ്ങളും അവരെ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ പ്രാപ്തരാക്കിയിട്ടുണ്ട്. പത്തുദിവസം നീണ്ടുനിൽക്കുന്ന ബഹിരാകാശ ദൗത്യത്തിൽ, ഒരു ഓറിയോൺ ക്യാപ്സ്യൂളിനുള്ളിലാണ് ഇവർ താമസിക്കുന്നത്.

ഈ അന്തരീക്ഷത്തിൽ ഒരേ മനസ്സോടെ പ്രവർത്തിക്കാൻ ആവശ്യമായ ടീം-ബിൽഡിംഗ് പരിശീലനത്തിലാണ് ഇപ്പോൾ സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏപ്രിൽ 1-ലെ വിക്ഷേപണം ലക്ഷ്യമിട്ട്, മാർച്ച് 18 മുതൽ ബഹിരാകാശ സഞ്ചാരികൾ പ്രത്യേക നിരീക്ഷണമായ ക്വാറൻ്റൈനിലേക്ക് പ്രവേശിക്കും. മാർച്ച് 27-ഓടെ ഇവർ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെത്തും. ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കുന്നതിനൊപ്പം, ഭാവിയിൽ ചൊവ്വയിലേക്കുള്ള ദീർഘദൂര ദൗത്യങ്ങൾക്ക് ആവശ്യമായ ആരോഗ്യ-സാങ്കേതിക വിവരങ്ങൾ ശേഖരിക്കാനും ആർട്ടെമിസ് II സഹായിക്കും.
