ലൊസാഞ്ചലസ്: 98ാമത് ഓസ്കര് അവാര്‍ഡില്‍ തിളങ്ങി പോള്‍ തോമസ് ആന്‍ഡേഴ്സന്റെ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’. മികച്ച സംവിധായകന്, മികച്ച ചിത്രം ഉള്‍പ്പടെ ആറു പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മൈക്കിള്‍ ബി. ജോര്‍ദന്‍ (സിന്നേഴ്സ്) ആണ് മികച്ച നടന്. ‘ഹാംനെറ്റി’ലൂടെ ജെസി ബക്ലി മികച്ച നടിയായി. ‘സിന്നേഴ്സി’ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്കര് നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായി ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ. അക്കാദമിയുടെ ചരിത്രത്തില്‍ ഈ വിഭാഗത്തില്‍ വിജയിക്കുന്ന ആദ്യ വനിതയാണ് ഓട്ടം.
വെപ്പണ്‍സ് ചിത്രത്തിലെ അഭിനയമിവിന് സഹനടിയായി എമി മാടിഗനെയും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിലെ പ്രകടനത്തിന് സഹനടനായി ഷോണ്‍ പെന്നിനെയും തിരഞ്ഞെടുത്തു. കാസ്റ്റിങ് ഡയറക്ഷന്‍ എന്ന പുതിയ കാറ്റഗറി ഇത്തവണ പുതുതായി ഉള്‍പ്പെടുത്തിയിരുന്നു. ഈ വിഭാഗത്തില്‍ ആദ്യ അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന ചിത്രത്തിലൂടെ കസാന്‍ഡ്ര കുലുക്കുന്‍ഡിസാണ്

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്കാരം രണ്ട് ചിത്രങ്ങള്‍ക്ക്. ‘ദ് സിങ്ങേഴ്സ്’, ‘ടു പീപ്പിള്‍ എക്സ്ചേഞ്ചിങ് സലൈവ’ എന്നീ ചിത്രങ്ങള്‍ പുരസ്കാരം പങ്കിട്ടു. മൈക്ക് ഹില്‍, ജോര്‍ദന്‍, സാമുവല്‍, ക്ലിയോണ ഫ്യുറെ എന്നിവര്‍ക്ക് മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്റ്റൈലിങ്ങിനുള്ള പുരസ്കാരം ലഭിച്ചു. ‘ഫ്രാങ്കെന്‍സ്റ്റൈന്‍’ എന്ന ചിത്രമാണ് ഓസ്കാര്‍ നേടികൊടുത്തത്. മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്കാരവും ഈ ചിത്രം നേടി. കേറ്റ് ഹോളെയാണ് ഈ വിഭാഗത്തില്‍ പുരസ്കാരം നേടിയത്.
മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ദി ഗേള്‍ ഹു ക്രൈഡ് പേള്‍സ് നേടിയപ്പോള്‍ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരം കൊറിയയില്‍ നിന്നുള്ള സൂപ്പര്‍ഹിറ്റ് ചിത്രം കെ പോപ്പ് ഡീമന്‍ ഹണ്ടേഴ്സ് നേടി. മികച്ച വിഷ്വല്‍ ഇഫക്റ്റ്സിനുള്ള പുരസ്കാരം അവതാര്‍: ഫയര്‍ ആന്‍ഡ് ആഷിന്. മികച്ച പ്രൊഡക്?ഷന് ഡിസൈന്‍ ഫ്രാങ്കെന്‍സ്റ്റൈന്‍.
ഒറിജിനല്‍ സ്കോറിന് ‘സിന്നേഴ്സും’ ശബദ്സന്നിവേശത്തിനുളള പുരസ്കാരം ‘എഫ് വണ്ണും’ നേടി. പ്രശസ്ത ഹാസ്യനടന് കോനന്‍ ഒബ്രിയാന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവാര്‍ഡ് നിശ അവതാരകനായി എത്തി. പ്രിയങ്ക ചോപ്ര, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ആന്‍ ഹാത്ത്വേ തുടങ്ങിയ പ്രമുഖ താരങ്ങള്‍ അവാര്‍ഡുകള്‍ സമ്മാനിക്കാനായി വേദിയിലെത്തിയിരുന്നു. ഇറാന്റെ ഡ്രോണ്‍ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് അവാര്‍ഡ് ചടങ്ങുകള്‍ നടന്നത്.
