Monday, March 16, 2026

”തിരുവനന്തപുരത്ത് നിരാശപ്പെടുത്തിയതിൽ ഏറെ സങ്കടം, ബാക്കിയെല്ലാം ദൈവാനുഗ്രഹം”: സഞ്ജു സാംസൺ

തിരുവനന്തപുരം:ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മോശം പ്രകടനത്തിനു പിന്നാലെ ലോകകപ്പിനു വേണ്ടി സ്വയം ഒരുങ്ങിയതായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെന്നും സമൂഹമാധ്യമങ്ങൾ ഉപേക്ഷിച്ച് ക്രിക്കറ്റിൽ മാത്രം ശ്രദ്ധിച്ചെന്നും ദൈവാനുഗ്രഹം കൊണ്ട്‌ തോൽവികളിൽനിന്നു തിരിച്ചുവരാൻ സാധിച്ചുവെന്നും സഞ്ജു തിരുവനന്തപുരത്ത്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ന്യൂസീലൻ‍ഡ് പരമ്പരയ്ക്കു ശേഷം ഞാൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സമൂഹമാധ്യമങ്ങളിൽനിന്നു പൂർണമായും വിട്ടുനിന്നു. എന്റെ ഭാര്യയും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്. വിജയത്തേക്കാൾ തോൽവികളാണ് എനിക്കുണ്ടായത്. പക്ഷേ ദൈവാനുഗ്രഹം കൊണ്ട് തോൽവികളിൽനിന്നും തിരിച്ചുവരാൻ എനിക്കു സാധിച്ചു. ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറുമായി വളരെ നീണ്ട കാലത്തെ ബന്ധമുണ്ട്. ഗൗതം ഭായ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായപ്പോഴാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അദ്ദേഹം താമസിക്കുന്നതു ഡൽ‍ഹിയിലാണ്. ഡൽഹിയിലെ അക്കാദമിയിലാണു ഞാൻ കളിച്ചത്. അവിടെ അദ്ദേഹമുണ്ടായിരുന്നു. ഇന്ത്യൻ ടീമിൽ അദ്ദേഹം കളിച്ചിരുന്ന കാലത്തും സംസാരിക്കുമായിരുന്നു. അതുകൊണ്ടുതന്നെ അടുത്ത ബന്ധമാണെന്നും സഞ്ജു പറഞ്ഞു.

തിരുവനന്തപുരത്തു നടന്ന ന്യൂസീലൻഡിനെതിരായ ട്വന്റി20 മത്സരത്തിൽ തിളങ്ങാൻ സാധിക്കാത്തതിൽ വലിയ സങ്കടമുണ്ട്‌. കുറച്ചു വിഷമവുമായാണ്‌ നാട്ടിൽനിന്നു പോയത്. ഇത്രയും പിന്തുണ നൽകുന്ന ആളുകളുടെ മുന്നിൽ വിചാരിച്ചപോലെ ഒരു പ്രകടനം നടത്താൻ സാധിക്കാത്ത വിഷമമുണ്ടായിരുന്നു. പക്ഷേ മുകളിൽ‍നിന്നു തീരുമാനിച്ചത് അതിലും വലുതായിട്ടുള്ള ഒന്നായിരുന്നു. ലോകകപ്പ് വിജയിച്ചതിൽ അതിയായ സന്തോഷം. ലോകകപ്പ് നേടി നാട്ടിലേക്കു തിരിച്ചുവന്നപ്പോൾ ആ ഒരു സന്തോഷം എല്ലാവരുടെയും മുഖത്തുണ്ട്. സിനിമയിലൊക്കെ പറയുന്നതു പോലെ ഇത് നമ്മുടെ വിജയം എന്നൊക്കെ ഇല്ലേ, ആ ഒരു ഫീലാണു കിട്ടിയത്. ഐപിഎലിൽ ആദ്യമായാണ് രാജസ്ഥാനെതിരെ കളിക്കുന്നതെന്നും ഗ്രൗണ്ടിലിറങ്ങിയാൽ വൈകാരികമായ കാര്യങ്ങളൊന്നും ആലോചിക്കാറില്ലെന്നും സഞ്ജു പറഞ്ഞു. പക്ഷേ പണ്ടു മുതലേ കളിച്ച മാനേജ്മെന്റും സപ്പോർട്ട് സ്റ്റാഫും അവിടെയുണ്ട്. അവരുടെ സ്നേഹം എന്തായാലും ഉണ്ടാകും. രാജസ്ഥാനിലെ എന്റെ സമയം കഴിഞ്ഞെന്ന വിശ്വാസത്തിലാണ് അവിടെനിന്നു മാറിയത്. കളിയും ആ രീതിയിലാണ്‌ കാണുന്നതെന്നും സഞ്ജു കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!