വാഷിങ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളിൽ പ്രകോപിതനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം മാധ്യമ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഫെഡറൽ കമ്മ്യൂണി ക്കേഷൻസ് കമ്മീഷനും (FCC) വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ദൃശ്യങ്ങൾ അമേരിക്കൻ മാധ്യമങ്ങൾ പ്രചരിപ്പി ക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. ഇതിനെ രാജ്യദ്രോഹപരം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അഞ്ച് അമേരിക്കൻ റീഫ്യൂലിംഗ് വിമാനങ്ങൾ ഇറാൻ തകർത്തുവെന്ന വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് പൂർണ്ണമായും തെറ്റാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ കത്തിയെരിയുന്ന തരത്തിലുള്ള ദൃശ്യങ്ങൾ എഐ നിർമ്മിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഫ്.സി.സി ചെയർമാൻ ബ്രണ്ടൻ കാർ മാധ്യമങ്ങളുടെ സംപ്രേക്ഷണ ലൈസൻസ് പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുതാത്‌പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് ലൈസൻസ് നഷ്ടമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ലോകത്തെ എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം രൂക്ഷമായി തടസ്സപ്പെട്ടിരിക്കുന്ന തിനാൽ ആഗോളതലത്തിൽ ഇന്ധനവില തിച്ചുയരുകയാണ്.ഹോർമുസ് കടലിടുക്ക് തുറക്കാൻ ചൈന, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ സൈന്യത്തെ അയക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടെങ്കിലും പല രാജ്യങ്ങളും തണുപ്പൻ രീതിയിലാണ് പ്രതികരിച്ചത്. മാധ്യമങ്ങൾ യഥാർത്ഥത്തിൽ നമ്മൾ യുദ്ധം തോൽക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ രാജ്യത്തെ ഉപയോഗിച്ച് നുണകൾ പ്രചരിപ്പിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേ സമയം മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റ മാണിതെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകളും മനുഷ്യാവകാശ പ്രവർത്തകരും പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തി.
