Wednesday, March 18, 2026

യുഎസിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരുടെ വരവിൽ ബി.സി സർക്കാരിന് ആശ്വാസം; പര്യാപ്‌തമല്ലെന്ന്‌ പരാതി

വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ യുഎസ് റിക്രൂട്ട്‌മെന്റ് ക്യാമ്പയിൻ വിജയകരമെന്ന് റിപ്പോർട്ട്. 2025 മാർച്ച് മുതൽ ഇതുവരെ 400-ലധികം ആരോഗ്യവിദഗ്ധർ അമേരിക്കയിൽ നിന്ന് ബി.സി.യിലേക്ക് എത്തിയെന്ന്‌ സർക്കാർ അറിയിച്ചു. എന്നാൽ, നിലവിലെ ഒഴിവുകൾ നികത്താൻ ഈ എണ്ണം ഒട്ടും പര്യാപ്തമല്ലെന്നാണ് നഴ്‌സസ് യൂണിയൻ ഉൾപ്പെടെയുള്ള സംഘടനകളുടെ പക്ഷം. ഒരു വർഷത്തിനിടെ 414 യുഎസ് ആരോഗ്യ പ്രവർത്തകരാണ് ബി.സി.യിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലിയിൽ പ്രവേശിച്ചത്. ഇതിൽ 89 ഡോക്ടർമാരും 260 നഴ്‌സുമാരും ഉൾപ്പെടുന്നു. ഏകദേശം 2,750-ലധികം അപേക്ഷകളാണ് യുഎസിൽ നിന്ന് ലഭിച്ചത്. ഇതിൽ 1,300 പേർ ഇതിനോടകം തന്നെ ബി.സി.യിൽ പ്രാക്ടീസ് ചെയ്യാനുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു.അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങളും സുരക്ഷാ പ്രശ്‌നങ്ങളുമാണ് പലരെയും കാനഡയിലേക്ക് ആകർഷിക്കുന്നത്. ഓക്‌ലഹോമ ആശുപത്രിയിലുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ നാനൈമോയിലേക്ക് താമസം മാറിയ ഡോ. ആൻ ഹെർഡ്മാൻ റോയലിന്റെ അനുഭവം ഇതിന് ഉദാഹരണമാണ്.

സർക്കാരിന്റെ ഈ നീക്കം സ്വാഗതാർഹമാണെങ്കിലും ഇങ്ങനെയെത്തുന്നവരുടെ എണ്ണം കുറവായതിനാൽ കാര്യമായ ഫലമില്ലെന്നാണ്‌ എന്നാണ് ബി.സി നഴ്‌സസ് യൂണിയൻ വിശേഷിപ്പിച്ചത്. സംസ്ഥാനത്ത് നിലവിൽ 4,500-ലധികം നഴ്‌സിംഗ് ഒഴിവുകൾ നിലനിൽക്കുന്നുണ്ട്. പുതിയ ആളുകളെ കൊണ്ടുവരുന്നതിനേക്കാൾ പ്രധാനമാണ് നിലവിലുള്ള ജീവനക്കാർ ജോലി ഉപേക്ഷിച്ചു പോകുന്നത് തടയുക എന്നത്. അമിത ജോലിഭാരവും മോശം സാഹചര്യങ്ങളും കാരണം പലരും അഞ്ചു വർഷത്തിനുള്ളിൽ തന്നെ ഈ മേഖല വിട്ടുപോകുന്നതായി യൂണിയൻ പ്രസിഡന്റ് അഡ്രിയാൻ ഗിയർ ചൂണ്ടിക്കാട്ടി.ആരോഗ്യപ്രവർത്തകരെ തേടി യു.എസിലെ വാഷിംങ്‌ടൺ, ഓറിഗൻ, കാലിഫോർണിയ തുടങ്ങിയ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ബി.സി. സർക്കാരിന്റെ 33.78 കോടി ഡോളറിന്റെ പരസ്യ പ്രചാരണം. കാനഡയിലെ പൊതുജനാരോഗ്യ സംവിധാനവും വ്യക്തിസ്വാതന്ത്ര്യവും ഉയർത്തിക്കാട്ടിയുള്ള ഈ നീക്കം വരും മാസങ്ങളിൽ കൂടുതൽ പേരെ ബി.സി.യിലേക്ക് എത്തിക്കുമെന്നാണ് പ്രീമിയർ ഡേവിഡ് എബിയുടെ പ്രതീക്ഷ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!