ടൊറന്റോ: അന്തരിച്ച പൊലീസ് ഉദ്യോഗസ്ഥൻ ജെഫ്രി നോർത്ത്‌റപ്പിന്റെ മരണവുമായി ബന്ധപ്പെട്ട വിചാരണയിൽ, സാക്ഷികളായ മൂന്ന് ടൊറന്റോ പൊലീസ് ഉദ്യോഗസ്ഥർ കുറ്റം ചെയ്‌തിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഇവർ പരസ്പരം ഒത്തുകളിച്ചോ കള്ളം പറഞ്ഞോ എന്നതിനെക്കുറിച്ച് നടന്ന അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയത്. ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് ലഭിച്ചത്. 2021 ജൂലൈ ഒന്നിനാണ് ടൊറന്റോ സിറ്റി ഹാളിന്റെ പാർക്കിംഗ് ഗാരേജിൽ വെച്ച് ഉമർ സമീറിന്റെ വാഹനം തട്ടി ജെഫ്രി നോർത്ത്‌റപ്പ് മരിക്കുന്നത്. മാരകമായ ഈ അപകടത്തിൽ ഉമർ സമീറിനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. പൊലീസാണെന്ന് അറിഞ്ഞില്ലെന്നും സിവിൽ വസ്ത്രധാരികളായ അവർ ഗുണ്ടകളാണെന്ന് കരുതി ഭയന്നാണ് വാഹനം ഓടിച്ചതെന്നുമുള്ള ഉമർ സമീറിന്റെ വാദം കോടതി അംഗീകരിച്ചു. വിചാരണ വേളയിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഒരേപോലെ കള്ളം പറയാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന സംശയം ജഡ്ജി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിന് തെളിവില്ലെന്നും ഉദ്യോഗസ്ഥർ ഒത്തുകൂടാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഒ.പി.പി റിപ്പോർട്ട് പറയുന്നു. നോർത്ത്‌റപ്പ് വാഹനത്തിന് മുന്നിൽ നിൽക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞത് സത്യമാണെന്ന് ഒ.പി.പി പുനരന്വേഷണത്തിൽ കണ്ടെത്തി. ഇത് വിചാരണ വേളയിലെ ചില നിഗമനങ്ങൾക്ക് വിരുദ്ധമാണ്.

പ്രതിയെ പിടികൂടുമ്പോൾ തോക്ക് നേരെ ചൂണ്ടിയിരുന്നില്ലെന്നും തറയ്ക്ക് സമാന്തരമായി പിടിക്കുകയായിരുന്നെന്ന ഉദ്യോഗസ്ഥരുടെ മൊഴി വിശ്വസനീയമാണെന്നും റിപ്പോർട്ട് വ്യക്തമാക്കി. അതേ സമയം ഈ റിപ്പോർട്ട് പ്രഹസനം ആണെന്ന പ്രതികരണവുമായി ഉമർ സമീറിന്റെ അഭിഭാഷകൻ നാദർ ഹസൻ രംഗത്തെത്തി. രഹസ്യമായി നടത്തിയ ഈ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും, തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ടൊറന്റോ പൊലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ ഒഴിവായെങ്കിലും, ഈ കേസ് ടൊറന്റോ പൊലീസിന്റെ വിശ്വാസ്യതയെക്കുറിച്ച് പൊതുസമൂഹത്തിൽ വലിയ ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ്. ഉദ്യോഗസ്ഥർ മാനസികമായി വലിയ പ്രയാസം അനുഭവിച്ചുവെന്നാണ് പൊലീസ് ചീഫ് മൈറോൺ ഡെംകിവ് പറഞ്ഞത്.
