ഓട്ടവ: ഓട്ടവയിൽ ടാക്സി കേന്ദ്രീകരിച്ച് നടക്കുന്ന പുതിയ തട്ടിപ്പിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പൊലീസ്. ഏകദേശം ഒരു വർഷം മുൻപ് നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ‘കാർഡ് സ്കിമ്മിങ് ‘ തട്ടിപ്പ് വീണ്ടും സജീവമായതായി പൊലീസ് വ്യക്തമാക്കി. ടാക്സി ഡ്രൈവറാണെന്ന വ്യാജേന എത്തുന്ന തട്ടിപ്പുകാർ യാത്രക്കാരുടെ ബാങ്ക് കാർഡുകൾ കൈക്കലാക്കി പണം തട്ടുകയാണെന്ന് അധികൃതർ അറിയിച്ചു.
ഈ തട്ടിപ്പിൽ ഡ്രൈവറായി ഒരാളും യാത്രക്കാരനെന്ന വ്യാജേന സഹായിയായി മറ്റൊരാളുമാണ് പ്രവർത്തിക്കുന്നത്. ടാക്സിയിൽ കയറുന്നവരോട് പണമടയ്ക്കാൻ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ആവശ്യപ്പെടുകയാണ് തട്ടിപ്പുകാരുടെ രീതി. ഇടപാട് നടത്തുന്നതിനിടെ ഇവർ ഉപഭോക്താവിന്റെ പിൻ (PIN) നമ്പർ രഹസ്യമായി മനസ്സിലാക്കുകയും യഥാർത്ഥ ബാങ്ക് കാർഡിന് പകരം വ്യാജ കാർഡ് തിരികെ നൽകുകയും ചെയ്യുന്നു. പിന്നീട് ഈ കാർഡ് ഉപയോഗിച്ച് വലിയ തുകയുടെ സാധനങ്ങൾ വാങ്ങുകയോ പണം പിൻവലിക്കുകയോ ആണ് ചെയ്യുന്നത്.

ടാക്സികളുടേത് പോലുള്ള ഓറഞ്ച് ബോർഡുകൾ വെച്ച കറുത്ത നിറത്തിലുള്ള മാസ്ഡ സെഡാനോ വെള്ള കിയ സെഡാനോ ആണ് ഇവർ തട്ടിപ്പിനായി ഉപയോഗിക്കുന്നതെന്ന് കരുതെന്നും. മിഡിൽ ഈസ്റ്റ് സ്വദേശികളായ രണ്ട് യുവാക്കളാണ് ഈ സംഘത്തിലുള്ളതെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ടാക്സി സേവനങ്ങൾ ഉപയോഗിക്കുമ്പോൾ അംഗീകൃത കമ്പനികളുടെ വാഹനങ്ങൾ മാത്രം തിരഞ്ഞെടുക്കാനും ബാങ്ക് കാർഡുകൾ മറ്റൊരാൾക്ക് കൈമാറാതിരിക്കാനും പൊലീസ് നിർദ്ദേശിച്ചു. പിൻ നമ്പർ നൽകുമ്പോൾ മറച്ചുപിടിക്കണമെന്നും ടാക്സികളിൽ പണമായി നൽകുന്നത് സുരക്ഷിതമാണെന്നും അധികൃതർ പറയുന്നു. തട്ടിപ്പിനിരയായെന്ന് സംശയിക്കുന്നവർ ഉടൻ തന്നെ ബാങ്കിനെയും പൊലീസിനെയും വിവരം അറിയിക്കണമെന്നും ഓട്ടവ പൊലീസ് അഭ്യർത്ഥിച്ചു.
