ഹെൽസിങ്കി: തുടർച്ചയായ ഒമ്പതാം വർഷവും ഫിൻലൻഡ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടതായി റിപ്പോർട്ട്. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവാക്കളുടെ സന്തോഷം കവർന്നെടുക്കുന്നതായി യുഎൻ സ്പോൺസർ ചെയ്ത വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് അറിയിച്ചു. എന്നാൽ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളിലെ 25 വയസ്സിൽ താഴെയുള്ളവരിൽ ആശങ്ക കൂടുതൽ കാണുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമ്പോൾ തന്നെ, ഇതിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുന്നവർക്ക് ചില പോസിറ്റീവ് വശങ്ങൾ നഷ്ടമാകുന്നതായും വിദഗ്ധർ പറഞ്ഞു. പെൺകുട്ടികളിലാണ് ഈ പ്രവണത കൂടുതൽ പ്രകടമായി കാണുന്നത്. അതേസമയം, ലോകത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും യുവാക്കൾ 20 വർഷം മുമ്പത്തേക്കാൾ സന്തുഷ്ടരാണെന്നത് ശ്രദ്ധേയമായ ഒരു മാറ്റമാണ്.

ജിഡിപി, ആയുർദൈർഘ്യം, സാമൂഹിക പിന്തുണ, അഴിമതിയില്ലായ്മ തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് 147 രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഫിൻലൻഡ് ഒന്നാമതെത്തിയപ്പോൾ, ഐസ്‌ലൻഡ്, ഡെന്മാർക്ക് തുടങ്ങിയ നോർഡിക് രാജ്യങ്ങൾ തൊട്ടുപിന്നിലുണ്ട്. ലാറ്റിനമേരിക്കൻ രാജ്യമായ കോസ്റ്റാറിക്ക ആദ്യമായി നാലാം സ്ഥാനത്തെത്തി. എന്നാൽ താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. ജനങ്ങൾക്ക് ഭരണകൂടത്തിലുള്ള വിശ്വാസമാണ് ഫിൻലൻഡിനെ വീണ്ടും ഒന്നാമതെത്തിച്ചതെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.
