ഓട്ടവ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള രാജ്യാന്തര ശ്രമങ്ങൾക്ക് പിന്തുണയുമായി കാനഡയും. കാനഡയ്ക്ക് പുറമെ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലൻഡ്‌സ്, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കടലിടുക്കിൽ മൈനുകൾ വിന്യസിക്കുന്നതും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതും ഇറാൻ ഉടൻ നിർത്തലാക്കണമെന്നും ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

ലോകത്തെ മൊത്തം ക്രൂഡ് ഓയിൽ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് തന്ത്രപ്രധാനമായ ഈ പാതയിലൂടെയാണ്. യുദ്ധം ആരംഭിച്ചത് മുതൽ മിക്ക കപ്പലുകളുടെയും ഗതാഗതം ഇവിടെ തടസ്സപ്പെട്ടിരിക്കുകയാണ്. ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ചിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ സുപ്രധാന പ്രസ്താവന പുറത്തുവന്നത്.
കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാൻ കാനഡയും സഖ്യകക്ഷികളും സ്വീകരിക്കാൻ പോകുന്ന കൃത്യമായ നടപടികളെക്കുറിച്ച് പ്രസ്താവനയിൽ സൂചനകളൊന്നുമില്ല. അതേസമയം, കാനഡയുടെ രണ്ട് ചരക്ക് കപ്പലുകൾ പേർഷ്യൻ ഉൾക്കടലിൽ കുടുങ്ങിക്കിടക്കുകയാണെന്നും അവയ്ക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ സാധിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര വാണിജ്യ ഗതാഗതം പുനഃസ്ഥാപിക്കുന്നത് കാനഡയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.
