Friday, March 20, 2026

ആകാശത്ത് 4 മണിക്കൂർ; തെറ്റായി കാനഡയിലേക്ക്‌ അയച്ച വിമാനത്തെ ‘യു-ടേൺ’ അടിച്ച്‌ എയർ ഇന്ത്യ

ന്യൂഡൽഹി: സാങ്കേതിക തകരാറുകൾ കൊണ്ടോ കാലാവസ്ഥാ വ്യതിയാനം കൊണ്ടോ വിമാനങ്ങൾ തിരിച്ചുവിടാറുണ്ട്, എന്നാൽ എയർ ഇന്ത്യയുടെ കാര്യത്തിൽ സംഭവിച്ചത് തികച്ചും വിചിത്രമായ ഒരു പിഴവാണ്. ഡൽഹിയിൽ നിന്നും കാനഡയിലെ വൻകൂവറിലേക്ക് പുറപ്പെട്ട വിമാനത്തിന് പറന്നുയർന്ന് നാല് മണിക്കൂറുകൾക്ക് ശേഷം വീണ്ടും ഡൽഹിയിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. തങ്ങളുടെ കൈവശമുള്ള വിമാനങ്ങളിൽ കാനഡയിലേക്ക് സർവീസ് നടത്താൻ അനുവാദമില്ലാത്ത ഒരു വിമാനം അബദ്ധത്തിൽ അയച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. മാർച്ച് 19 നായിരുന്നു സംഭവം. എയർ ഇന്ത്യയുടെ AI 185 എന്ന വിമാനം ഡൽഹിയിൽ നിന്ന് വാൻകൂവറിലേക്ക് പുറപ്പെട്ട്‌ ഏകദേശം നാല് മണിക്കൂർ കഴിഞ്ഞ് ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ്, സർവീസ് നടത്താൻ ഉപയോഗിച്ച വിമാനം കാനഡയിൽ ഇറക്കാൻ അനുമതിയുള്ളതല്ലെന്ന് അധികൃതർ തിരിച്ചറിഞ്ഞത്. ഫ്ലൈറ്റ് ട്രാക്കിങ് സൈറ്റുകളുടെ റിപ്പോർട്ടുകൾ അനുസരിച്ച് വ്യാഴാഴ്ച രാവിലെ 11:34ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 7:19നാണ് തിരികെ ലാൻഡ് ചെയ്തത്. വിദേശ വിമാനക്കമ്പനികൾക്ക് ഓരോ രാജ്യത്തും വ്യത്യസ്തമായ പ്രോട്ടോക്കോളുകളാണുള്ളത്. ചില രാജ്യങ്ങൾ പ്രത്യേക എയർലൈനുകൾക്കോ പ്രത്യേക തരം വിമാനങ്ങൾക്കോ മാത്രമാണ് അനുമതി നൽകുന്നത്. എയർ ഇന്ത്യയുടെ ബി 777 ഇആർ പതിപ്പിന് മാത്രമാണ് കാനഡ അനുമതി നൽകിയിട്ടുള്ളത്.

കാനഡയിലേക്ക് പറക്കാൻ എയർ ഇന്ത്യക്ക് അനുമതിയുള്ളത് Boeing 777-300ER വിമാനങ്ങൾക്കാണ്. എന്നാൽ അന്ന് സർവീസിനായി അബദ്ധത്തിൽ ഉപയോഗിച്ചത് Boeing 777-200LR എന്ന വിമാനമായിരുന്നു. കാനഡയുടെ വ്യോമയാന നിയമങ്ങൾ അനുസരിച്ച് ആവശ്യമായ ചില സാങ്കേതിക അനുമതികൾ ഈ പ്രത്യേക വിമാനത്തിന് ഇല്ലാത്തതിനാൽ അവിടെ ഇറക്കാൻ സാധിക്കില്ലായിരുന്നു.ഇതേത്തുടർന്ന് വിമാനം വഴിമധ്യേ തിരിച്ചുവിട്ടു. ഏകദേശം ഒൻപത് മണിക്കൂറോളം ആകാശത്ത് ചെലവഴിച്ച ശേഷം വിമാനം തിരികെ ഡൽഹിയിൽ തന്നെ ഇറങ്ങി. എങ്ങുമെത്താത്ത ഈ യാത്ര മൂലം യാത്രക്കാർ വലിയ ദുരിതത്തിലായി. വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വലിയ പിഴവാണിതെന്ന് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന് പിന്നാലെ വിമാനങ്ങളുടെ ഷെഡ്യൂളിംഗിന് ഉത്തരവാദികളായ മൂന്ന് മുതിർന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥരെ ഉടൻ തന്നെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡി.ജി.സി.എ (DGCA) ഉത്തരവിട്ടു. ഇത്തരം വീഴ്ചകൾ ആവർത്തിച്ചാൽ വിമാനക്കമ്പനിയുടെ ലൈസൻസ് തന്നെ റദ്ദാക്കിയേക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി എയർ ഇന്ത്യ സർവീസുകളിൽ ഇത്തരത്തിലുള്ള അശ്രദ്ധകൾ പതിവാകുന്നത് യാത്രക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!