വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ നേരിട്ട് പങ്കുചേരാൻ മടിക്കുന്ന നാറ്റോ സഖ്യകക്ഷികൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ ഇറാൻ ഉപരോധം തകർക്കാൻ സൈനിക സഹായം നൽകാത്ത രാജ്യങ്ങളെ ഭീരുക്കൾ എന്നും ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കയുടെ സഹായമില്ലെങ്കിൽ നാറ്റോ സഖ്യം വെറും കടലാസ് കടുവ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് പോസ്റ്റ് പങ്കുവെച്ചത്. ‘ഭീരുക്കളേ, ഞങ്ങൾ ഇത് ഓർക്കും’ ഇറാനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്കയെ ഒറ്റപ്പെടുത്തുന്ന സഖ്യകക്ഷികളുടെ നിലപാട് ഭാവിയിൽ ഗൗരവകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കുന്നതിനെക്കുറിച്ച് പരാതി പറയുന്ന സഖ്യകക്ഷികൾ, എണ്ണക്കപ്പലുകളുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ സൈന്യത്തെ അയക്കാൻ തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തി.

യു.എസ് സാമ്പത്തിക-സൈനിക സഹായം കൈപ്പറ്റുന്ന നാറ്റോ രാജ്യങ്ങൾ, യു.എസിന് ഒരു ആവശ്യം വരുമ്പോൾ ഒളിച്ചോടുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. യുദ്ധം 21 ദിവസം പിന്നിടുമ്പോൾ ആഗോള എണ്ണവിപണി കടുത്ത പ്രതിസന്ധിയിലാണ്. യുദ്ധത്തിന് മുൻപ് ബാരലിന് 70 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച 108 ഡോളറിൽ എത്തി. ട്രംപിന്റെ വിമർശനം കടുത്തിട്ടുണ്ടെങ്കിലും, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ ഇറാന്റെ നടപടികളെ അപലപിച്ചു. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്താമെന്ന് ഇവർ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ നേരിട്ടുള്ള ഒരു യുദ്ധത്തിലേക്ക് ഉടൻ പ്രവേശിക്കാൻ ആരും താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇറാൻ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ മേഖലയിലെ കപ്പൽ ഗതാഗതം പൂർണ്ണമായും നിലച്ച മട്ടാണ്.
