ഓട്ടവ: ഈ വർഷത്തെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിൽ കാനഡയുടെ സ്ഥാനം താഴേക്ക് പോയി. ഓക്സ്ഫോർഡ് സർവകലാശാലയിലെ വെൽബീയിങ് റിസർച്ച് സെൻ്റർ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കാനഡ 25-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ വർഷം 18-ാം സ്ഥാനത്തായിരുന്ന കാനഡ, ഇത്തവണ അയൽരാജ്യമായ അമേരിക്കയ്ക്ക് പിന്നിലായാണ് ഇടംപിടിച്ചത്. 2012-ൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു തുടങ്ങിയതിന് ശേഷമുള്ള കാനഡയുടെ ഏറ്റവും കുറഞ്ഞ റാങ്കിംഗാണിത്. 2015-ൽ അഞ്ചാം സ്ഥാനത്തായിരുന്ന രാജ്യം കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വലിയ തിരിച്ചടിയാണ് നേരിടുന്നത്.

യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗമാണ് കാനഡയിലെ സന്തോഷം കുറയാനുള്ള പ്രധാന കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. 25 വയസ്സിൽ താഴെയുള്ളവരിൽ സന്തോഷം കുത്തനെ കുറയുന്ന പ്രവണത കാനഡയ്ക്ക് പുറമെ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലും ദൃശ്യമാണ്. തുടർച്ചയായ ഒൻപതാം വർഷവും ഫിൻലാൻഡ് ആണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം. ഐസ്‌ലാൻഡ്, ഡെൻമാർക്ക്, സ്വീഡൻ തുടങ്ങിയ നോർഡിക് രാജ്യങ്ങൾ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ചു. അതേസമയം, യുദ്ധക്കെടുതി അനുഭവിക്കുന്ന അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. സിയറ ലിയോൺ, മലാവി എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.
