ടൊറന്റോ: വരാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഏജന്റുമാരെ ടൊറന്റോ നഗരത്തിൽ പ്രവേശിപ്പിക്കുന്നത് തടയാൻ സിറ്റി കൗൺസിലിൽ പ്രമേയം അവതരിപ്പിച്ച് മേയർ ഒലീവിയ ചൗ. ‘ടൊറന്റോയിൽ ICE -ക്ക് പ്രവേശനമില്ല’ (No ICE in Toronto) എന്ന പേരിലുള്ള ഈ പ്രമേയത്തെ കൗൺസിലർ പോൾ ഐൻസ്‌ലി പിന്തുണച്ചു. 2026-ലെ ലോകകപ്പ് സമയത്ത് ICE ഏജന്റുമാരെ പിന്തുണയ്ക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് സിറ്റി മാനേജർക്ക് നിർദ്ദേശം നൽകണമെന്നും ടൊറന്റോയിൽ അവരുടെ സാന്നിധ്യത്തെ എതിർക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ICE ഏജന്റുമാരുടെ വിന്യാസം നിരസിക്കാൻ ഫെഡറൽ പബ്ലിക് സേഫ്റ്റി മന്ത്രിയോടും വിദേശകാര്യ മന്ത്രിയോടും പ്രമേയത്തിലൂടെ സിറ്റി അഭ്യർത്ഥിച്ചു. കൂടാതെ ഒന്റാരിയോ സോളിസിറ്റർ ജനറൽ ഈ നീക്കത്തെ എതിർക്കണമെന്നും ഈ തീരുമാനം ടൊറന്റോ പൊലീസ് സർവീസ് ബോർഡിനെ അറിയിക്കണമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. ടൊറന്റോ നഗരം എല്ലാവർക്കും സ്വാഗതമരുളുന്നതും സുരക്ഷിതവുമായ ഇടമാകണമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർ എത്തുന്ന ലോകകപ്പ് വേളയിൽ ആരും ഭയപ്പെടാൻ ഇടയാകരുതെന്നും മേയർ പറഞ്ഞു.
ജൂൺ 12 മുതൽ ജൂലൈ 2 വരെ ആറ് ലോകകപ്പ് മത്സരങ്ങൾക്കാണ് ടൊറന്റോ ആതിഥ്യമരുളുന്നത്. അമേരിക്കൻ അതിർത്തികൾക്ക് അപ്പുറവും കാനഡയ്ക്കുള്ളിലും ICE ഏജന്റുമാർ പ്രവർത്തിക്കാറുണ്ടെന്നും ഇത് നഗരത്തിൽ അനാവശ്യ ഭീതിയുണ്ടാക്കുമെന്നും പ്രമേയം മുന്നറിയിപ്പ് നൽകുന്നു.
