Friday, March 20, 2026

ബജറ്റ് പ്രതീക്ഷകൾക്കിടെ ഇരുട്ടടി; മാനിറ്റോബയിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു

വിനിപെഗ്: പ്രവിശ്യയിലെ വൈദ്യുതി നിരക്കുകൾ അടുത്ത മൂന്ന് വർഷത്തേക്ക് വർധിപ്പിക്കാൻ പബ്ലിക് യൂട്ടിലിറ്റീസ് ബോർഡ് (PUB) അനുമതി നൽകിയതായി മാനിറ്റോബ ഹൈഡ്രോ. വരൾച്ചയെത്തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് വരും വർഷങ്ങളിൽ ഘട്ടംഘട്ടമായി നിരക്ക് വർധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.പുതിയ ഉത്തരവ് പ്രകാരം 2026-ൽ നാല് ശതമാനവും, 2027-ൽ 3.5 ശതമാനവും, 2028-ൽ മൂന്ന് ശതമാനവും വീതമായിരിക്കും വർധന നടപ്പാക്കുക.

കഴിഞ്ഞ 112 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ജലപ്രവാഹമാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഇത് മാനിറ്റോബ ഹൈഡ്രോയ്ക്ക് ഏകദേശം 40.9 കോടി ഡോളറിന്റെ ഭീമമായ നഷ്ടം വരുത്തിവെച്ചു. ഈ സാഹചര്യത്തിലാണ് നിരക്ക് വർധന ഒഴിച്ചുകൂടാനാവാത്തതാണെന്ന് പബ്ലിക് യൂട്ടിലിറ്റീസ് ബോർഡ് വിലയിരുത്തിയത്. എന്നാൽ, ഈ വർധനവ് എല്ലാ വിഭാഗം ഉപഭോക്താക്കളെയും ഒരേപോലെയല്ല ബാധിക്കുകയെന്നും ഓരോ വിഭാഗത്തിന്റെയും ചെലവുകൾക്കനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, നിരക്ക് വർധന സാധാരണക്കാരായ ജനങ്ങളെ, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. വൈദ്യുതി ചെലവ് താങ്ങാനാകാത്ത അവസ്ഥ പ്രവിശ്യയിൽ വർധിക്കാൻ ഇത് കാരണമാകുമെന്ന് ബോർഡ് തന്നെ മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ ബാധ്യത കുറയ്ക്കുന്നതിനായി നികുതി ഇളവുകൾ ഉൾപ്പെടെയുള്ള പ്രത്യേക പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്ന് ബോർഡ് ശുപാർശ ചെയ്തു. വരും കാലങ്ങളിൽ പ്രവർത്തനച്ചെലവ് കുറച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള മികച്ച സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളാൻ മാനിറ്റോബ ഹൈഡ്രോയോട് പബ്ലിക് യൂട്ടിലിറ്റീസ് ബോർഡ് നിർദ്ദേശിക്കുകയും ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!