ന്യൂഡല്‍ഹി: പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ (Zomato) ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. ഓരോ ഓര്‍ഡറിനും ഈടാക്കുന്ന ഫീസ് 12.5 രൂപയില്‍ നിന്ന് 14.9 രൂപയായാണ് ഉയര്‍ത്തിയത്. ഏകദേശം 19.2 ശതമാനത്തിന്റെ വര്‍ധനവാണ് സൊമാറ്റോ വരുത്തിയിരിക്കുന്നത്.
മറ്റൊരു പ്രധാന പ്ലാറ്റ്ഫോമായ സ്വിഗ്ഗി (Swiggy) നിലവില്‍ ജിഎസ്ടി ഉള്‍പ്പെടെ 14.99 രൂപ പ്ലാറ്റ്ഫോം ഫീസായി ഈടാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് സൊമാറ്റോയും നിരക്ക് വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യുദ്ധപ്രതിസന്ധിയെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍, എല്‍പിജി വിലയിലുണ്ടായ വര്‍ധനവ് ഡെലിവറി ചെലവുകളെ കാര്യമായി ബാധിച്ചതാണ് നിരക്ക് കൂട്ടാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

അതേസമയം, രാജ്യത്തെ മൂന്നാമത്തെ വലിയ പ്ലാറ്റ്ഫോമായ മാജിക്പിന്‍ (Magicpin) തല്ക്കാലം നിരക്ക് വര്ധിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി. നിലവില്‍ 14.20 രൂപയാണ് മാജിക്പിന്‍ ഈടാക്കുന്നത്. ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തിലും ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ സേവനം നല്‍കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് മാജിക്പിന്‍ സിഇഒ അന്‍ഷു ശര്‍മ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സൊമാറ്റോ ഇതിനു മുന്‍പ് നിരക്ക് വര്‍ധിപ്പിച്ചത്.
