സിയോൾ: ലോകപ്രശസ്ത കെ-പോപ്പ് ബാന്റായ ബിടിഎസ് നീണ്ട ഇടവേളയ്ക്ക് ശേഷം വേദിയിൽ ഒന്നിച്ചെത്തി. 2022 ഒക്ടോബറിന് ശേഷം ആദ്യമായാണ്ആർ.എം, ജിൻ, സുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജുങ്കൂക്ക് – ഒരുമിച്ച് ഒരു തത്സമയ പരിപാടി അവതരിപ്പിക്കുന്നത്. ഏകദേശം 1,04,000 പേരാണ് സിയോളിലെ ഗ്വാങ്മുൻ സ്‌ക്വയറിൽ തടിച്ചുകൂടിയത്. ഇതിൽ 22,000 പേർക്ക് മാത്രമാണ് വേദിക്ക് ഉള്ളിൽ പ്രവേശനം ലഭിച്ചത്. മറ്റുള്ളവർ പുറത്തെ കൂറ്റൻ സ്‌ക്രീനുകളിലൂടെ പരിപാടി ആസ്വദിച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ ആൽബമായ ‘അരിരംഗ്’ എന്ന പുതിയ ആൽബത്തിലെ ഗാനങ്ങളാണ് ബിടിഎസ് വേദിയിൽ അവതരിപ്പിച്ചത്.

റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 39.8 ലക്ഷം കോപ്പികളാണ് ഈ ആൽബം വിറ്റഴിച്ചത്. ബിടിഎസിന്റെ സിഗ്‌നേച്ചർ നിറമായ പർപ്പിൾ കൊണ്ട് നഗരം അലങ്കരിച്ചിരുന്നു. പ്രധാന കെട്ടിടങ്ങളും സ്മാരകങ്ങളും പർപ്പിൾ വെളിച്ചത്തിൽ തിളങ്ങി. ജനത്തിരക്ക് നിയന്ത്രിക്കാൻ സിയോൾ ഭരണകൂടം കർശനമായ സുരക്ഷയാണ് ഏർപ്പെടുത്തിയത്.സുരക്ഷയ്‌ക്കായി ഡ്രോൺ വിരുദ്ധ സംവിധാനങ്ങളുള്ള സ്വാറ്റ് യൂണിറ്റുകൾ ഉൾപ്പെടെയുള്ള വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. സംഗീതപരിപാടിയോട് അനുബന്ധിച്ച് മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയും വാഹനങ്ങൾ തിരിച്ചുവിടുകയും ചെയ്തു.

മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ച 31 എൻട്രി പോയിന്റുകളിലൂടെയാണ് ആളുകളെ പ്രവേശിപ്പിച്ചത്. ഈ ഒരു സംഗീത പരിപാടിയിലൂടെ മാത്രം ടിക്കറ്റ് വിൽപ്പന, താമസം, ടൂറിസം എന്നിവയിലായി കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ദക്ഷിണ കൊറിയ പ്രതീക്ഷിക്കുന്നത്. അടുത്ത മാസം മുതൽ ബിടിഎസ് തങ്ങളുടെ ലോക പര്യടനം ആരംഭിക്കും. സിംഗപ്പൂർ, ടോക്കിയോ, മ്യൂണിക്ക്, ലോസ് ഏഞ്ചൽസ് തുടങ്ങി 30 നഗരങ്ങളിൽ ഇവർ പരിപാടി അവതരിപ്പിക്കും. ഈ കോൺസെർട്ടിന്റെ ഡോക്യുമെന്ററിയും ലൈവ് സ്ട്രീമിംഗും പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്‌സിലൂടെ ലോകമെങ്ങുമുള്ള ആരാധകർ ആസ്വദിക്കും.
