Saturday, March 21, 2026

വിമാനത്താവളങ്ങളിൽ ICE ഏജന്റുമാരെ വിന്യസിക്കുമെന്ന് ട്രംപ്‌; വാക്ക്‌ പോരിനിടെ സുരക്ഷാ ആശങ്ക കൂടി

വാഷിങ്‌ടൺ ഡി.സി: ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന് (DHS) ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ, അമേരിക്കൻ വിമാനത്താവളങ്ങളിൽ സുരക്ഷാ ചുമതലയ്ക്കായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഏജന്റുമാരെ വിന്യസിക്കുമെന്ന് ഡോണൾഡ്‌ ട്രംപ്. തിങ്കളാഴ്ചയ്ക്കുള്ളിൽ ഫണ്ട് കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ വിന്യസിക്കൽ നടപടികൾ ആരംഭിക്കുമെന്നാണ്‌ ഭീഷണി. ഫെബ്രുവരി പകുതി മുതൽ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിനുള്ള ഫണ്ട് കോൺഗ്രസ് തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതോടെ വിമാനത്താവളങ്ങളിലെ സുരക്ഷാ ചുമതലയുള്ള ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (TSA) ഉദ്യോഗസ്ഥർക്ക് ഒരു മാസത്തിലേറെയായി ശമ്പളം ലഭിക്കുന്നില്ല.ആയിരക്കണക്കിന് ടി.എസ്.എ ഉദ്യോഗസ്ഥർ ശമ്പളമില്ലാതെയാണ് നിലവിൽ ജോലി ചെയ്യുന്നത്. ശമ്പള പ്രതിസന്ധിയെത്തുടർന്ന് മുന്നൂറിലധികം ഉദ്യോഗസ്ഥർ ഇതിനകം രാജി വെച്ചു. ജോലിക്കെത്താത്തവരുടെ എണ്ണം ഇരട്ടിയായി വർധിച്ചു. ഉദ്യോഗസ്ഥരുടെ കുറവ് മൂലം വിമാനത്താവളങ്ങളിൽ കിലോമീറ്ററുകളോളം നീളുന്ന ക്യൂവും യാത്രാ തടസ്സങ്ങളും അനുഭവപ്പെടുന്നുണ്ട്. തങ്ങളുടെ മിടുക്കരായ ഏജന്റുമാരെ വിമാനത്താവളങ്ങളിലേക്ക് മാറ്റുമെന്നും ഇതുവരെ ആരും കാണാത്ത തരത്തിലുള്ള സുരക്ഷ അവർക്ക്‌ ഉറപ്പാക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

ICE ഏജൻസിയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. ജനുവരിയിൽ മിനസോട്ടയിൽ നടന്ന കുടിയേറ്റ വിരുദ്ധ റെയ്ഡുകൾക്കിടെ രണ്ട് പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇവരുടെ പ്രവർത്തനരീതിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഉദ്യോഗസ്ഥർ മാസ്ക് ധരിക്കുന്നത് ഒഴിവാക്കുക, കൃത്യമായ തിരിച്ചറിയൽ രേഖകൾ പ്രദർശിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഡെമോക്രാറ്റുകൾ മുന്നോട്ട് വെക്കുന്നെങ്കിലും ഇത് അംഗീകരിക്കാൻ ട്രംപ് ഭരണകൂടം തയ്യാറല്ല. അതേ സമയം വിമാനത്താവള സുരക്ഷയിൽ പ്രത്യേക പരിശീലനം ലഭിച്ചവരല്ല ഇവർ എന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. കൂടാതെ, ശമ്പളം ലഭിക്കാത്ത ടി.എസ്.എ ഉദ്യോഗസ്ഥർക്ക് ഭക്ഷണപ്പൊതികളും ഗിഫ്റ്റ് കാർഡുകളും നൽകി സഹായിക്കേണ്ട അവസ്ഥയിലാണ് പല വിമാനത്താവള അധികൃതരും. തിങ്കളാഴ്ചയോടെ ഫണ്ട് അനുവദിക്കുന്ന ബിൽ പാസായില്ലെങ്കിൽ അമേരിക്കൻ വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതല കുടിയേറ്റ വിരുദ്ധ ഏജൻസിയുടെ കൈകളിലാകുമെന്നുറപ്പാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!