ടെല്‍ അവീവ്: ഇസ്രയേലിന് നേരെ ആക്രമണം കടുപ്പിച്ച് ഇറാന്‍. ഡിമോണയിലെ അതീവ സുരക്ഷയുള്ള ഷിമോണ്‍ പെരസ് നെഗേവ് ആണവ ഗവേഷണ കേന്ദ്രത്തിന് നേരെയും അറദ് നഗരത്തിന് നേരെയും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഡിമോണയിലെ ആണവനിലയത്തില്‍ ആക്രമണത്തെത്തുടര്‍ന്ന് തീപിടിത്തമുണ്ടാവുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇവിടെ മാത്രം 39 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
തങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് മിസൈലുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ നേരിട്ട് പതിച്ചതായി ഇസ്രായേല്‍ സൈന്യം സമ്മതിച്ചു. നതാന്‍സിലെയും ബുഷെറിലെയും ഇറാന്റെ ആണവ നിലയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്ന് ഇറാന്‍ വ്യക്തമാക്കി. അതേസമയം, ഡിമോണയില്‍ വികിരണ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (IAEA) സ്ഥിരീകരിച്ചു.

സംഭവത്തിന് പിന്നാലെ ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍ മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ സംഘര്‍ഷം വ്യാപിക്കുന്നതിന്റെ സൂചനയായി യുഎഇയിലെ റാസല്‍ഖൈമയിലും സൗദിയുടെ കിഴക്കന്‍ മേഖലകളിലും ഇറാന്റെ ആക്രമണശ്രമങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെ അഞ്ച് ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി. ഇറാനുമായി യാതൊരുവിധ സമാധാന കരാറിനുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.
