കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള ഡയറക്ടര്‍മാരെ അയോഗ്യരാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ വെള്ളാപ്പള്ളിക്കും നിലവിലുള്ള ഭരണസമിതിക്കും പദവിയില്‍ തുടരാനാകും. സിംഗിള്‍ ബെഞ്ചിന്റെ വിധിന്യായത്തില്‍ ഗുരുതരമായ പിശകുകള്‍ ഉണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
കമ്പനി നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം സിംഗിള്‍ ബെഞ്ച് വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ അയോഗ്യരാക്കിയത്. എന്നാല്‍ ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നും കോടതിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും കാണിച്ച് വെള്ളാപ്പള്ളി നടേശന്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അപ്പീല്‍ പരിഗണിച്ച കോടതി, സിംഗിള്‍ ബെഞ്ച് ഉത്തരവ് അന്തിമവിധി അല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ, എം.കെ. സാനു ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ എസ്എന്‍ഡിപി ഭരണത്തിനായി അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡിവിഷന്‍ ബെഞ്ചിന്റെ പുതിയ ഉത്തരവോടെ ഈ നീക്കങ്ങള്‍ക്കും തടസ്സമായി. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി കോടതി മാറ്റിവെച്ചു.
