മൺട്രിയോൾ: മൺട്രിയോളിൽ ഇന്ധനവില കുതിച്ചുയരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ ലിറ്ററിന് 2 ഡോളർ എന്ന പരിധിയിലേക്ക് വില എത്തിയതോടെ ഡ്രൈവർമാർ കടുത്ത പ്രതിസന്ധിയിലാണ്. ഗ്യാസ്ബഡി (GasBuddy) നൽകുന്ന വിവരങ്ങൾ പ്രകാരം തിങ്കളാഴ്ച മൺട്രിയോളിൽ പെട്രോൾ വില ലിറ്ററിന് ശരാശരി 1.90 ഡോളറിലെത്തി. എന്നാൽ ഞായറാഴ്ച ചിലയിടങ്ങളിൽ ലിറ്ററിന് 2.34 ഡോളർ വരെ നൽകേണ്ടി വന്നതായി എസൻസ് മൺട്രിയോൾ (Essence Montreal) റിപ്പോർട്ട് ചെയ്യുന്നു. ഡീസൽ വില ഇതിലും ഭീകരമാണ്, ലിറ്ററിന് 2.55 ഡോളർ വരെ നൽകേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കാനഡയിലുടനീളം ശരാശരി ഇന്ധനവില ഞായറാഴ്ച 1.72 ഡോളറായിരുന്നുവെന്ന് സി.എ.എ (CAA) വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചയിലിത് 1.31 ഡോളർ മാത്രമായിരുന്നു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചതോടെയാണ് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരാൻ തുടങ്ങിയത്. യുദ്ധം തുടങ്ങുന്നതിന് മുൻപ് ബാരലിന് 70 ഡോളർ ആയിരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ ആഴ്ച 119.50 ഡോളർ വരെ ഉയർന്നിരുന്നു.
