ടെക്സസ് : ടെക്സസിലെ വാലെറോ റിഫൈനറിയില്‍ വന്‍ പൊട്ടിത്തെറിയുണ്ടായതായി റിപ്പോർട്ട്. ഇതേ തുടർന്ന് ഈ മേഖലയില്‍ വന്‍ തീപിടുത്തവും കനത്ത പുകയും പടർന്നു പിടിച്ചു. മാർച്ച് 23 വൈകിട്ട് ഏഴരയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ശക്തമായ സ്‌ഫോടന ശബ്ദം ആദ്യം കേട്ടതായും തുടര്‍ന്ന് തീയും കനത്ത പുകയും റിഫൈനറി ഭാഗത്ത് നിന്ന് ഉയരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അമേരിക്കയിലെ വലിയ റിഫൈനറികളിലൊന്നായ ഈ പ്ലാൻ്റ്, ഹ്യൂസ്റ്റണില്‍ നിന്ന് ഏകദേശം 90 മൈല്‍ അകലെ ടെക്സസ് ഗള്‍ഫ് തീരത്താണ് സ്ഥിതി ചെയ്യുന്നത്. 770 പേര്‍ ഇവിടെ ജോലി ചെയ്യുന്ന ഈ റിഫൈനറി ദിവസേന 4,35,000 ബാരല്‍ വരെ പെട്രോള്‍, ഡീസല്‍, ജെറ്റ് ഇന്ധനം എന്നിവ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

അഗ്നിശമനസേനയും രാസവസ്തു നിര്‍വീര്യമാക്കുന്ന സംഘങ്ങളും ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ സ്ഥലത്തേക്ക് എത്തി, പരിസര പ്രദേശങ്ങളില്‍ വിഷാംശമുള്ള വാതകങ്ങള്‍ പുറന്തള്ളപ്പെട്ടിട്ടുണ്ടോ എന്നു കണ്ടെത്താന്‍ വായു ഗുണനിലവാരം പരിശോധന നടപടികള്‍ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതുവരെ ആർക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
