ഓട്ടവ: കാനഡയിൽ നിന്നുള്ള സഞ്ചാരികളുടെ അമേരിക്കൻ സന്ദർശനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം, മുൻവർഷത്തെ അപേക്ഷിച്ച് യുഎസ് സന്ദർശനം 22 ശതമാനത്തിലധികം കുറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പിരിമുറുക്കങ്ങളാണ് ഈ മാറ്റത്തിന് പ്രധാന കാരണം. തുടർച്ചയായ പതിമൂന്നാം മാസമാണ് കനേഡിയൻ നിവാസികളുടെ അമേരിക്കൻ യാത്രകളിൽ ഇടിവ് രേഖപ്പെടുത്തുന്നത്.
അതേസമയം, അമേരിക്ക ഒഴികെയുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള കനേഡിയൻ സഞ്ചാരികളുടെ എണ്ണത്തിൽ 10.6% വർധനവുണ്ടായതാണ് കണക്കുകൾ. ജനുവരിയിൽ ഏകദേശം 15 ലക്ഷം പേരാണ് ഇത്തരത്തിൽ യാത്ര നടത്തിയത്. കൂടാതെ റോഡ് മാർഗമുള്ള യാത്രകളിൽ 26.3 ശതമാനവും വിമാനയാത്രകളിൽ 12.8 ശതമാനവും കുറവുണ്ടായി.

അമേരിക്കയിൽ നിന്നുള്ള സഞ്ചാരികൾ കാനഡയിലേക്ക് എത്തുന്നതിലും ചെറിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് 18.6% കുറഞ്ഞതാണ് വിദേശ സഞ്ചാരികളുടെ ആകെ എണ്ണത്തിൽ ഇടിവുണ്ടാക്കിയത്. നിലവിൽ മെക്സിക്കോ, യുകെ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കാനഡ സന്ദർശിക്കുന്നവരിൽ ഭൂരിഭാഗവും. ആഗോള രാഷ്ട്രീയ മാറ്റങ്ങൾ ടൂറിസം മേഖലയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
