ഓട്ടവ: കാനഡയിലെ ദമ്പതികൾക്കിടയിൽ വൈകാരിക ബന്ധത്തേക്കാൾ ഉപരിയായി സാമ്പത്തിക താൽപ്പര്യങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നതായി എച്ച് ആന്റ് ആർ ബ്ലോക്ക് പുറത്തുവിട്ട പുതിയ സർവേ റിപ്പോർട്ട്. സർവേയിൽ പങ്കെടുത്ത 73 ശതമാനം പേരും സാമ്പത്തിക ലാഭമാണ് ഒന്നിച്ചു ജീവിക്കാനുള്ള പ്രധാന പ്രേരണയായി കാണുന്നത്. ജീവിതച്ചെലവ് പങ്കിടുന്നത് ലാഭകരമാണെന്ന് 80 ശതമാനം പേർ അഭിപ്രായപ്പെടുമ്പോൾ, വലിയൊരു തുക ലോട്ടറി അടിച്ചാൽ പങ്കാളിയെ ഉപേക്ഷിക്കുമെന്ന് 27% പേർ വെളിപ്പെടുത്തി.
സാമ്പത്തിക ഭദ്രതയും കുട്ടികളുടെ ഭാവിയുമാണ് പലരെയും ബന്ധങ്ങളിൽ കെട്ടിയിടുന്നത്. കുട്ടികൾക്കായി ദമ്പതികൾ ഒന്നിച്ചുനിൽക്കാൻ ബാധ്യസ്ഥരാണെന്ന് 83% പേരും വിശ്വസിക്കുന്നു. പരമ്പരാഗതമായ ആജീവനാന്ത വിവാഹത്തിന് പകരം അഞ്ചു വർഷത്തെ പുതുക്കാവുന്ന ‘റിലേഷൻഷിപ്പ് കോൺട്രാക്റ്റുകൾ’ എന്ന ആശയത്തെ നാലിലൊന്ന് ആളുകൾ പിന്തുണയ്ക്കുന്നുണ്ട്. പങ്കാളിത്തം നൽകുന്ന നികുതി ഇളവുകളും ആനുകൂല്യങ്ങളുമാണ് ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന ഘടകം.

കാനഡയിലെ നികുതി നിയമങ്ങൾ കുടുംബ വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ആനുകൂല്യങ്ങൾ നിശ്ചയിക്കുന്നത്. ദമ്പതികൾക്ക് ടാക്സ് ക്രെഡിറ്റുകൾ കൈമാറാനും സ്പൗസൽ ആർആർഎസ്പി (RRSP) വഴി വരുമാനം വിഭജിക്കാനും സാധിക്കുമെന്ന് ടാക്സ് വിദഗ്ധർ ചൂണ്ടിക്കാട്ടി. അതേസമയം, ജീവിതച്ചെലവ് തനിച്ച് വഹിക്കേണ്ടി വരുന്ന സിംഗിൾ ആയ ആളുകൾക്ക് കൂടുതൽ നികുതി ഇളവുകൾ നൽകണമെന്നാണ് 63% പേരുടെയും ആവശ്യം.
