ടെഹ്‌റാൻ: ഇസ്രായേലും ഇറാനും തമ്മിൽ ചർച്ചകൾക്ക് സാധ്യത തെളിയുമ്പോഴും കഴിഞ്ഞുപോയ ആഴ്‌ചകളിലുണ്ടായ മിസൈൽ ആക്രമണത്തിൻ്റെ ഭീതിയുടെ നിഴലിൽ തുടരുകയാണ് ഇറാനിലെ സാധാരണ ജനങ്ങൾ. “ഒന്ന് കണ്ണടച്ചു തുറക്കുമ്പോഴേക്കും ഇതെല്ലാം അവസാനിച്ചിരുന്നെങ്കിൽ” എന്ന് ഒരു ഇറാനിയൻ യുവതി ബി.ബി.സി മാധ്യമപ്രവർത്തകനോട് പറഞ്ഞു. ഭക്ഷണമില്ല, മരുന്നില്ല, സമാധാനവുമില്ല എന്ന അവസ്ഥയിലൂടെയാണ് തങ്ങൾ കടന്നു പോകുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉറക്കമില്ലാത്ത രാത്രികളാണ് തങ്ങൾ ചെലവഴിക്കുന്നതെന്ന് ജനങ്ങൾ പറയുന്നു. എപ്പോൾ വേണമെങ്കിലും ആക്രമണം ഉണ്ടാകാമെന്ന അവസ്ഥ സമാധാനപരമായ ജീവിതത്തെ പൂർണ്ണമായും തകർത്തിരിക്കുകയാണെന്നാണ് ജനങ്ങൾ വിവരിക്കുന്നത്. യുദ്ധഭീതിക്കൊപ്പം ഇറാൻ കറൻസിയായ റിയാലിന്റെ മൂല്യം കുത്തനെ ഇടിയുന്നത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നു. ഭക്ഷണസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വില വർദ്ധനവ് സാധാരണക്കാരുടെ ജീവിതം വിവരിക്കാൻ കഴിയാത്ത വിധം ദുസ്സഹമാക്കിയിരിക്കുന്നു.

സുരക്ഷിത സ്ഥാനങ്ങൾ തേടി പലരും നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും എവിടെയായിരിക്കും സുരക്ഷിതമായിരിക്കുമെന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ല. ഇസ്രയേലിന്റെ ഏത് നീക്കത്തിനും കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ ആവർത്തിക്കുമ്പോഴും, അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നത് തങ്ങളാണെന്നാണ് ജനങ്ങൾ ഭയപ്പെടുന്നത്. യുദ്ധം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ കുട്ടികൾ പരിഭ്രാന്തരാകുന്നു. വയോധികർക്ക് ആവശ്യമായ മരുന്നുകൾ കിട്ടാൻ പ്രയാസപ്പെടുന്നതും വലിയ പ്രതിസന്ധിയാണ്. രാജ്യത്തെ യഥാർത്ഥ അവസ്ഥ പുറംലോകം അറിയാതിരിക്കാൻ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
