Tuesday, March 24, 2026

മൺട്രിയോൾ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ എണ്ണം കൂടി; ബാലറ്റിൽ പേര് എഴുതി വോട്ട് ചെയ്യണം

മൺട്രിയോൾ: മൺട്രിയോൾ ടെറെബോൺ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാർ ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേര് എഴുതി വോട്ട് ചെയ്യേണ്ടി വരും. സാധാരണ ബാലറ്റ് പേപ്പറിൽ കൊള്ളാത്ത അത്രയും സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ളതിനാലാണ് ഇലക്ഷൻ കാനഡ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സ്റ്റെഫാൻ പെറോൾട്ട് അറിയിച്ചു. ഏപ്രിൽ 13-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇതുവരെ 48 സ്ഥാനാർത്ഥികളാണ് പേര് നൽകിയിട്ടുള്ളത്. വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനിൽ സ്ഥാനാർത്ഥികളുടെ പൂർണ്ണരൂപത്തിലുള്ള പട്ടിക നൽകും. ഇതിൽ നിന്നും തങ്ങൾക്കിഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേര് വോട്ടർമാർ ബാലറ്റിൽ എഴുതണം. പാർട്ടി പേര് മാത്രം പോരാ; സ്ഥാനാർത്ഥിയുടെ പേര് തന്നെ എഴുതണം. പാർട്ടിയുടെ പേര് മാത്രം എഴുതിയാൽ വോട്ട് അസാധുവാകും. സ്ഥാനാർത്ഥി ആരാണെന്ന് വ്യക്തമാകുന്ന രീതിയിൽ പേര് എഴുതിയാൽ മതിയാകും, ചെറിയ അക്ഷരത്തെറ്റുകൾ വോട്ടിനെ ബാധിക്കില്ല. തിരഞ്ഞെടുപ്പ് പരിഷ്‌കരണം ആവശ്യപ്പെട്ട് പ്രവർത്തിക്കുന്ന ‘ലോംഗസ്റ്റ് ബാലറ്റ് കമ്മിറ്റി’ എന്ന സംഘടനയുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇത്രയധികം ആളുകൾ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റിൽ ആൽബർട്ടയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഏകദേശം 200 സ്ഥാനാർത്ഥികളെ അണിനിരത്തി ഇവർ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. അന്ന് മീറ്ററുകളോളം നീളമുള്ള ബാലറ്റ് പേപ്പറുകൾ അച്ചടിക്കേണ്ടി വന്നതും വോട്ടെണ്ണൽ മണിക്കൂറുകളോളം വൈകിയതും കണക്കിലെടുത്താണ് ഇത്തവണ ‘റൈറ്റ്-ഇൻ’രീതി സ്വീകരിച്ചത്. ടെറെബോണിന് പുറമെ ടൊറന്റോയിലെ രണ്ട് മണ്ഡലങ്ങളിലും യൂണിവേഴ്‌സിറ്റി റോസ്‌ഡെയ്ൽ, സ്‌കാർബ്‌റോ സൗത്ത് വെസ്റ്റ് ഏപ്രിൽ 13-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ മൂന്ന് സീറ്റുകളിൽ രണ്ടെണ്ണമെങ്കിലും വിജയിക്കാനായാൽ നിലവിലെ ലിബറൽ സർക്കാരിന് പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പിക്കാനാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!