എയർഡ്രി: പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുടെ പ്രതിനിധികളെന്ന വ്യാജേന ഉപഭോക്താക്കളെ വിളിച്ച് ലക്ഷക്കണക്കിന് രൂപയുടെ ഫോണുകൾ തട്ടി യെടുക്കുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആർസിഎംപി (RCMP) അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആൽബർട്ടയിലെ എയർഡ്രിയിൽ നിന്നുള്ള 19 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പുകാർ ഉപഭോക്താക്കളെ ഫോണിൽ വിളിച്ച് കമ്പനിയുടെ പുതിയ ഫോൺ അപ്ഗ്രേഡ് ഓഫറുകളെക്കുറിച്ച് സംസാരിക്കുകയാണ് ആദ്യഘട്ടം. ആളുകളെ വിശ്വസിപ്പിക്കുന്നതിനായി വ്യാജ എംപ്ലോയി ഐഡികളും സൂപ്പർവൈസർമാരുടെ ഇടപെടലുകളും ഇവർ ഉപയോഗിക്കാറുണ്ട്. പലപ്പോഴും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി അവരുടെ ഒറിജിനൽ അക്കൗണ്ട് വഴി തന്നെ ഫോണുകൾ ഓർഡർ ചെയ്യാൻ ഇവർ പ്രേരിപ്പിക്കും. പുതിയ ഫോൺ ഉപഭോക്താവിന്റെ വീട്ടിലെത്തിക്കഴിഞ്ഞാൽ, തെറ്റായ ഡിവൈസ് ആണ് അയച്ചതെന്നും അത് തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ഇവർ വീണ്ടും വിളിക്കും. തുടർന്ന് ഇവർ നൽകുന്ന ഒരു അഡ്രസ്സിലേക്ക് ഫോൺ കൊറിയർ ചെയ്യാൻ ആവശ്യപ്പെടും. യഥാർ ത്ഥത്തിൽ ഈ അഡ്രസ്സുകൾ തട്ടിപ്പ് സംഘത്തിന്റേതാകും. ഇത്തരത്തിൽ അയക്കുന്ന ഫോണുകൾ പിന്നീട് ഉപഭോക്താവിന് തിരികെ ലഭിക്കില്ല.

ഏകദേശം 4 ലക്ഷത്തിലധികം രൂപ മൂല്യമുള്ള ഉപകരണങ്ങൾ തട്ടിയെടുത്തതിനും മെയിൽ സർവീസുകൾ വഴി തട്ടിപ്പ് നടത്തിയതിനുമാണ് 19-കാരനായ മുഹമ്മദ് അയാൻ നദീമിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾ ഏപ്രിൽ 23-ന് കോടതിയിൽ ഹാജരാകണം. പ്രതീക്ഷിതമായ ഓഫർ കോളുകളിൽ കരാറുകളിൽ ഏർപ്പെടാ തിരിക്കണമെന്നും വിളിക്കുന്നവർ നൽകുന്ന ഫോൺ നമ്പറുകൾ വിശ്വസിക്കാതെ, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ നമ്പറുകൾ വഴി മാത്രം ബന്ധപ്പെടണമെന്നും പൊലീസ് പറഞ്ഞു. ഫോൺ തിരികെ അയക്കാൻ ആവശ്യപ്പെട്ടാൽ കമ്പനിയുടെ ഔദ്യോഗിക കസ്റ്റമർ കെയറുമായി നേരിട്ട് സംസാരിച്ച് കാര്യങ്ങൾ ഉറപ്പുവരുത്തണം.
തട്ടിപ്പിന് ഇരയായവർ ഉടൻ തന്നെ പ്രാദേശിക പോലീസിലോ ക്രൈം സ്റ്റോപ്പേഴ്സിലോ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
