ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ എയർ കാനഡ വിമാനാപകടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട 22-കാരനായ ജാക് കാബോട്ട് ആണ് പന്ത്രണ്ട് സെക്കൻഡുകൾ നീണ്ടുനിന്ന ഭീകരാവസ്ഥ വിവരിച്ചത്. വിമാനം നിലംതൊടുന്നതിന് 12 സെക്കൻഡ് മുമ്പ് ശരിക്കും ഭ്രാന്തമായ അവസ്ഥയിലായിരുന്നു. ശക്തമായ കുലുക്കവും വലിയ ശബ്ദവും ഉണ്ടായി. തന്റെ തൊട്ടടുത്തിരുന്ന യാത്രക്കാരന്റെ മൂക്കിനും മുഖത്തിനും പരുക്കേറ്റ് രക്തം ചീറ്റുകയായിരുന്നു. യാത്രക്കാർ തങ്ങളുടെ കോട്ടുകളും ഫേസ് മാസ്കുകളും ഉപയോഗിച്ചാണ് രക്തം തുടച്ചുമാറ്റാൻ ശ്രമിച്ചത്. എവിടെയും രക്തം മാത്രം. വിമാനത്തിനുള്ളിൽ തനിക്ക് ബിയർ നൽകിയ എയർ ഹോസ്റ്റസ് പിന്നീട് സീറ്റിൽ ബെൽറ്റ് ധരിച്ചിരുന്ന അവസ്ഥയിൽ തന്നെ വിമാനത്തിന് പുറത്തേക്ക് 300 അടി ദൂരേക്ക് തെറിച്ചുപോയതായി കാബോട്ട് വെളിപ്പെടുത്തി. പരിഭ്രാന്തിക്കിടയിലും തനിച്ച് യാത്ര ചെയ്തിരുന്ന ഒരു പെൺകുട്ടിയെ മറ്റൊരു യാത്രക്കാരി ആശ്വസിപ്പിക്കുന്നത് കണ്ടതായും, ദുരന്തമുഖത്തും മനുഷ്യത്വം ബാക്കിയുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.

അപകടത്തിന് തൊട്ടുമുമ്പ് എയർ ട്രാഫിക് കൺട്രോളർ ഫയർ ട്രക്കിനോട് നിൽക്കാൻ ആക്രോശിക്കുന്നത് ഓഡിയോ റെക്കോർഡിംഗുകളിൽ വ്യക്തമാണ്. അപകടത്തിന് 20 മിനിറ്റിനുശേഷം, “എനിക്ക് പിഴവ് പറ്റി” എന്ന് കൺട്രോളർ സ്വയം കുറ്റപ്പെടുത്തുന്നതും കേൾക്കാം. മറ്റൊരു വിമാനത്തിന്റെ എമർജൻസി ലാൻഡിംഗുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു കൺട്രോളർ എന്നാണ് പ്രാഥമിക വിവരം. അതേ സമയം ഇനിയും വിമാനത്തിൽ യാത്ര ചെയ്യും. ഓരോ ദിവസവും സംഭവിക്കുന്ന ഒന്നല്ല വിമാനാപകടം. ഈ ആഘാതം തന്റെ ജീവിതത്തെ ബാധിക്കില്ലെന്നും ഉടൻ തന്നെ വീണ്ടും വിമാനത്തിൽ യാത്ര ചെയ്യുമെന്നും കാബോട്ട് പറഞ്ഞു. 1992-ന് ശേഷം ലാഗ്വാർഡിയ വിമാനത്താവളത്തിൽ നടക്കുന്ന ആദ്യത്തെ മാരകമായ അപകടമാണിത്. എയർ ട്രാഫിക് കൺട്രോളും ഗ്രൗണ്ട് ട്രാഫിക്കും തമ്മിലുള്ള ഏകോപനത്തിലുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മൺട്രിയോളിൽ നിന്ന് എത്തിയ ബോംബാർഡിയർ CRJ-900 ജെറ്റ് വിമാനം ലാൻഡിംഗിന് തൊട്ടുമുമ്പ് റൺവേയിൽ ഉണ്ടായിരുന്ന ഫയർ എഞ്ചിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പൈലറ്റുമാർ കൊല്ലപ്പെടുകയും 40-ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
