എഡ്മിന്റൻ : ആൽബർട്ടയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ച സംഭവത്തിൽ 18-കാരൻ പിടിയിൽ. 22 വയസ്സുകാരനായ ബിരീന്ദർ സിങാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാർച്ച് 14-ന് നടന്ന സംഭവത്തിൽ ജിമ്മി ഗാസ്നർ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സുഹൃത്തുക്കളോടൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന ബിരീന്ദറിന് നേരെ മറ്റൊരു വാഹനത്തിലെത്തിയ പ്രതി വെടിയുതിർക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിവെപ്പുണ്ടായതെന്ന് ബിരീന്ദറിന്റെ സുഹൃത്തുക്കൾ മൊഴി നൽകി. പഞ്ചാബ് സ്വദേശിയായ ബിരീന്ദർ സിങ് ഉപരിപഠനത്തിനായി കാനഡയിലെത്തിയതായിരുന്നു.

കൊലപാതകത്തിന് പിന്നിൽ വംശീയ വിദ്വേഷമാണെന്ന് ബിരീന്ദറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആരോപിച്ചു. യാതെരു മുൻപരിചയവുമില്ലാത്ത പ്രതി യുവാക്കളെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചെന്നും വെടിയുതിർത്തെന്നുമാണ് ആരോപണം. എന്നാൽ പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാനഡയിലെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെടുകയും കുടുംബത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.
