ന്യൂഡൽഹി: ഇറാനും അമേരിക്കയും തമ്മിലുള്ള പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിൽ ഇന്ത്യക്ക് നിർണ്ണായകവും ക്രിയാത്മകവുമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ. അമേരിക്ക, ഇസ്രായേൽ, ഇറാൻ പുലർത്തുന്ന തന്ത്രപരമായ ബന്ധം സമാധാന ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി മുഹമ്മദ് ഫതാലി വ്യക്തമാക്കിയത്. ഗ്ലോബൽ സൗത്തിലെ പ്രധാന ശക്തി എന്ന നിലയിലും സന്തുലിതമായ വിദേശനയം പിന്തുടരുന്ന രാജ്യം എന്ന നിലയിലും ഇന്ത്യക്ക് സമാധാന ചർച്ചകളിൽ മധ്യസ്ഥനാകാൻ കഴിയുമെന്ന് ഫതാലി വ്യക്തമാക്കി. സംഘർഷം താൽക്കാലികമായി നിറുത്തിവെക്കാനും ചർച്ചകൾക്കായി മുന്നോട്ട് വരാനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രതികരണം. വെടിനിർത്തലിനായി 15 ഇന കർമ്മപദ്ധതി വാഷിങ്ടൺ മുന്നോട്ട് വെച്ചതായും റിപ്പോർട്ടുകളുണ്ട്.

അതേ സമയം ചർച്ചകൾക്കുള്ള യു.എസ് നീക്കത്തിന് ഇറാന്റെ സൈനിക നേതൃത്വം ഇതുവരെ അനുകൂല തീരുമാനം അറിയിച്ചിട്ടില്ല. അതേ സമയം യാതൊരു ഒത്തുതീർപ്പിനില്ലെന്നും ഇറാന്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് ലഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫാഗാരി വ്യക്തമാക്കി. അമേരിക്കയുടെ ഭാഗത്ത് നിന്ന് നയതന്ത്ര നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, കുവൈറ്റ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ ഗൾഫ് മേഖലയിൽ ഇറാൻ തങ്ങളുടെ സൈനിക നീക്കങ്ങൾ തുടരുകയാണ്. ചർച്ചകൾ നടക്കുന്നതിനിടെ യു.എസ് ആക്രമണം നടത്തിയത് ഇറാൻ ഗൗരവത്തോടെയാണ് കാണുന്നത്. എങ്കിലും പാക്കിസ്ഥാൻ വഴി യു.എസ് ചില ചർച്ചകൾക്ക് ശ്രമിക്കുന്നതായി സൂചനകളുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ സമ്മർദ്ദം ഏറുന്ന സാഹചര്യത്തിൽ, വിശ്വസിക്കാവുന്ന ഒരു മധ്യസ്ഥനായി ഇന്ത്യയെ ഇറാൻ കാണുന്നത് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതായാണ് വിലയിരുത്തൽ.
