നയാഗ്ര: നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ടാക്സി ഡ്രൈവറെ കുരുമുളക് സ്‌പ്രേ അടിച്ച് പരിക്കേൽപ്പിക്കുകയും പണം നൽകാതെ കടന്നുകളയുകയും ചെയ്ത രണ്ട് പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഒരു പുരുഷന്റെയും സ്ത്രീയുടെയും ചിത്രങ്ങൾ നയാഗ്ര റീജിയണൽ പൊലീസ് പുറത്തുവിട്ടു.
കഴിഞ്ഞ മാസം ഫെബ്രുവരി 15-ന് വൈകുന്നേരമാണ് സംഭവം നടന്നത്. യാത്രക്കാരെ ഇറക്കിവിട്ട ഡ്രൈവർ പണം ആവശ്യപ്പെട്ടു. എന്നാൽ ഇരുവരും പണം നൽകാൻ തയ്യാറായില്ല. പണം ചോദിച്ചതോടെ പ്രതികളിൽ ഒരാളായ പുരുഷൻ ഡ്രൈവറുടെ മുഖത്തേക്ക് കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. തുടർന്ന് ഇരുവരും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

പരിക്കേറ്റ ഡ്രൈവർക്ക് പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുന്നത്. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ വിവരമറിയിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
