മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെ ആരാധകരെ ആകർഷിച്ച് ഒരു സിനിമാറ്റിക്കായ വിവാഹാഭ്യർത്ഥന. പ്രണയിനിയോട് വിവാഹാഭ്യർത്ഥന നടത്തുന്നതിനിടെ യുവാവിന്റെ കയ്യിൽ നിന്നും മോതിരം താഴെപ്പോയതാണ് നിമിഷനേരത്തേക്ക് പരിഭ്രാന്തി പരത്തിയത്.
ഞായറാഴ്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. മുംബൈ ഇന്ത്യൻസ് ജേഴ്‌സി ധരിച്ച യുവാവ് കെകെആർ ആരാധകിയായ തന്റെ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്താൻ മുട്ടുകുത്തി നിന്നു. എന്നാൽ മോതിരം നീട്ടുന്നതിനിടെ അബദ്ധത്തിൽ അത് താഴെപ്പോയി. ഇതോടെ ചുറ്റുമുള്ളവർ മോതിരം കണ്ടെത്താനായി തിരച്ചിൽ തുടങ്ങി. ഭാഗ്യവശാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ മോതിരം തിരികെ കിട്ടി. വീണ്ടും മുട്ടുകുത്തി നിന്ന് യുവാവ് വിവാഹാഭ്യർത്ഥന പൂർത്തിയാക്കുകയും യുവതി അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.

കെകെആർ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. “രോഹിത് ശർമ്മയുടെ കടുത്ത ആരാധകനായത് കൊണ്ടാവാം മോതിരം താഴെപ്പോയത്” എന്ന് ഒരാൾ തമാശയായി കുറിച്ചപ്പോൾ, മുംബൈ മത്സരം ജയിച്ചതിനെ സൂചിപ്പിച്ച് “ഒറ്റ ദിവസം കൊണ്ട് രണ്ട് തവണ മുംബൈ ജയിച്ചു” എന്നാണ് മറ്റൊരു ആരാധകൻ പ്രതികരിച്ചത്.
https://www.instagram.com/p/DWfw02UCCQ9/?utm_source=ig_embed&utm_campaign=embed_video_watch_again
വിവാഹാഭ്യർത്ഥന പോലെ തന്നെ മൈതാനത്തും മുംബൈ ഇന്ത്യൻസ് ആധിപത്യം പുലർത്തി. രോഹിത് ശർമ്മയും റയാൻ റിക്കിൾട്ടണും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ നേടിയ 148 റൺസിന്റെ കരുത്തിൽ മുംബൈ 221 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് ലക്ഷ്യം മറികടക്കാനായില്ല. ഇതോടെ കളിക്കളത്തിലും ഗാലറിയിലും മുംബൈ ആരാധകർക്ക് ഇത് ആഘോഷത്തിന്റെ ദിനമായി മാറി.
