Thursday, April 2, 2026

പറയുന്നത് നടപ്പാക്കുന്നതാണ് ഈ സർക്കാരിന്റെ ഗ്യാരണ്ടി; പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച ഏക സർക്കാരാണിതെന്ന് എം.വി. ഗോവിന്ദൻ

കോഴിക്കോട്: എൽ.ഡി.എഫ് സർക്കാർ പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്ന് ഉറപ്പാണെന്നും അതിന്റെ ഗ്യാരണ്ടിയാണ് സർക്കാർ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടപ്പിലാക്കുന്ന കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മുന്നിൽ കൃത്യമായ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച ഇന്ത്യയിലെ ഏക സർക്കാർ കേരളത്തിലേതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മറ്റ് പാർട്ടികൾ പ്രകടനപത്രികയെ വെറും പ്രചാരണായുധമായി മാത്രമാണ് കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു. നിലവിലെ ക്ഷേമപെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇത് വെറും 600 രൂപ മാത്രമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതിദാരിദ്ര്യം അവസാനിപ്പിച്ച കേരളത്തിൽ നിന്ന് ദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കും. പഠിച്ചിറങ്ങുന്ന എല്ലാവർക്കും തൊഴിൽ നൽകുന്ന പദ്ധതി നടപ്പാക്കും. തൊഴിലില്ലാത്ത സ്ത്രീകളിൽ പകുതിയിലധികം പേർക്കും ജോലി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് വേണ്ടി നടത്തുന്ന സർവേകളിൽ പോലും ഇടതുപക്ഷത്തിന് അനുകൂലമായ ഫലങ്ങളാണ് വരുന്നതെന്നും കേരളത്തിൽ ഇത്തവണ വലിയ മുന്നേറ്റമുണ്ടാകുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!