വാഷിങ്ടൺ: ഇറാനിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ശക്തമായ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ 47 വർഷം നീണ്ട ഭരണത്തിന് അന്ത്യമാകുമെന്നും വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ൽ കുറിച്ചു. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇന്ന് രാത്രി സംഭവിക്കുന്ന കാര്യങ്ങൾ ലോകം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിലെ നിലവിലെ ഭരണകൂടം മാറുന്നതോടെ തീവ്രചിന്താഗതികളില്ലാത്ത, ബുദ്ധിമാന്മാരായ പുതിയ നേതൃത്വം വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷമുള്ള 47 വർഷത്തെ അഴിമതിക്കും മരണങ്ങൾക്കും അറുതിയാകുമെന്നും ഇറാനിലെ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://truthsocial.com/@realDonaldTrump/posts/116363336033995961
ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളും യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധസാഹചര്യവും നിലനിൽക്കെ ട്രംപിന്റെ ഈ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഇറാനിലെ ഇസ്ലാമിക് ഭരണകൂടം പതനത്തിന്റെ വക്കിലാണെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്.
