Monday, April 13, 2026

‘സമാധാനമാണ് എന്റെ ദൗത്യം, യുദ്ധത്തിനെതിരെ എന്നും ശബ്ദമുയർത്തും’; ട്രംപിന് മറുപടിയുമായി ലിയോ മാർപാപ്പ

വത്തിക്കാൻ സിറ്റി: തന്റെ വിദേശനയങ്ങളെ വിമർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വ്യക്തമായ ഭാഷയിൽ മറുപടി നൽകി ലിയോ മാർപാപ്പ. സമാധാനം സ്ഥാപിക്കുക എന്നതാണ് തന്റെ കടമയെന്നും അത് രാഷ്ട്രീയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മാർപാപ്പ തന്റെ നിലപാടുകൾ കടുപ്പിച്ചത്.

താൻ ഒരു രാഷ്ട്രീയക്കാരന്റെ റോളിലല്ല സംസാരിക്കുന്നതെന്നും സുവിശേഷത്തിലെ ‘സമാധാനം’ എന്ന സന്ദേശമാണ് ഉയർത്തിപ്പിടിക്കുന്നതെന്നും മാർപാപ്പ പറഞ്ഞു. ട്രംപിന്റെ വിമർശനങ്ങളോട് സംവാദത്തിന് താല്പര്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. മാർപാപ്പയുടെ വിദേശനയം പരാജയമാണെന്നും ആണവായുധങ്ങളുടെ കാര്യത്തിൽ അദ്ദേഹം ദുർബലനാണെന്നുമായിരുന്നു ട്രംപിന്റെ പരിഹാസം. ഇതിനെതിരെയാണ് മാർപാപ്പ പ്രതികരിച്ചത്.

ഇറാനുമായുള്ള സംഘർഷത്തിൽ ട്രംപ് സ്വീകരിച്ച നിലപാടുകളെ ‘യുദ്ധത്തിന്റെ ഭ്രാന്ത്’ എന്നാണ് മാർപാപ്പ വിശേഷിപ്പിച്ചത്. യുദ്ധം തുടങ്ങുന്ന നേതാക്കളുടെ കൈകളിൽ രക്തം പുരണ്ടിട്ടുണ്ടെന്നും അദ്ദേഹം നേരത്തെ വിമർശിച്ചിരുന്നു. കുടിയേറ്റക്കാരോടുള്ള ട്രംപിന്റെ കടുത്ത നിലപാടുകളെ മാർപാപ്പ ചോദ്യം ചെയ്തു. ഗർഭഛിദ്രത്തെ എതിർക്കുകയും എന്നാൽ കുടിയേറ്റക്കാരോട് ക്രൂരമായി പെരുമാറുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ആത്മാക്കളുടെ സംരക്ഷണത്തിനായാണ് സംസാരിക്കുന്നതെന്നും അനീതിക്കും യുദ്ധത്തിനുമെതിരെ എന്നും പ്രതികരിക്കുമെന്നും പറഞ്ഞാണ് മാർപാപ്പ തന്റെ മറുപടി അവസാനിപ്പിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!