ഓട്ടവ: ഫെഡറൽ ഗവൺമെന്റ് തങ്ങളുടെ വസന്തകാല സാമ്പത്തിക പ്രസ്താവന ഏപ്രിൽ 28-ന് അവതരിപ്പിക്കും. ധനമന്ത്രി ഫ്രാൻസ്വ-ഫിലിപ്പ് ഷാംപെയ്ൻ ആണ് ചൊവ്വാഴ്ച പാർലമെന്റ് ഹില്ലിൽ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷത്തെ ബജറ്റിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക നിലയിലുണ്ടായ മാറ്റങ്ങളും, ഇറാൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോള ആഘാതങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ എങ്ങനെ ബാധിച്ചു എന്നും റിപ്പോർട്ട് വിലയിരുത്തും. പ്രതിരോധ മേഖല, അടിസ്ഥാന സൗകര്യ വികസനം, പാർപ്പിട നിർമ്മാണം എന്നിവയ്ക്കായി കൂടുതൽ തുക ചെലവഴിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യ ത്തോടെയാണിത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഫെഡറൽ കമ്മി 78.3 ബില്യൺ ഡോളറായി ഉയരുമെന്നാണ് നവംബറിൽ ലിബറൽ സർക്കാർ കണക്കാക്കി യിരുന്നത്. വരും വർഷങ്ങളിൽ ഇത് കുറച്ചുകൊണ്ടുവരാനും ഭരണപരമായ ചെലവുകൾ ചുരുക്കാനുമാണ് സർക്കാരിൻ്റെ ശ്രമം.

ജിഎസ്ടി ആനുകൂല്യങ്ങളിലെ വർദ്ധനവും, ലേബർ ഡേ വരെ ഫെഡറൽ ഫ്യുവൽ എക്സൈസ് ടാക്സ് ഒഴിവാക്കിയ നടപടിയും പുതിയ സാമ്പത്തിക അവലോകനത്തിൽ പ്രതിഫലിക്കും. കടം-ജിഡിപി അനുപാതം കുറയ്ക്കുക എന്ന മുൻപത്തെ ലക്ഷ്യത്തിൽ നിന്ന് മാറി, പ്രവർത്തന ബജറ്റ് (Operating budget) അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സന്തുലിതാവസ്ഥയിൽ എത്തിക്കാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന്റെ വളർച്ചാ വേഗത നിലനിർത്താനുള്ള ശ്രമത്തിലാണ് സർക്കാർ എന്ന് ധനമന്ത്രി വ്യക്തമാക്കി.
