ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സൂപ്പർ താരം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (TVK) തകർപ്പൻ മുന്നേറ്റം തുടരുമ്പോൾ വിജയ്യുടെ വീട്ടിലും ആരാധകർക്കിടയിലും ആവേശകരമായ ആഘോഷം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ മാറുകയാണ്.
വിജയ്യുടെ വിജയത്തിന് പിന്നാലെ വീട്ടിൽ ആഘോഷം ആരംഭിച്ചു. വിജയ്യുടെ അച്ഛൻ എസ്.എ. ചന്ദ്രശേഖറിനെ ബന്ധുക്കൾ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബന്ധുവായ പല്ലവി വിനോദ് കുമാറാണ് ഈ വീഡിയോ പങ്കുവെച്ചത്.

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും (തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ) വിജയ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. നിലവിൽ 109 സീറ്റുകളിലാണ് വിജയ്യുടെ പാർട്ടി ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എഐഎഡിഎംകെ (72 സീറ്റുകൾ) രണ്ടാം സ്ഥാനത്തുണ്ട്.
വെറും രണ്ട് വർഷം മുമ്പ് മാത്രം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വിജയ്യെ തമിഴ് ജനത നെഞ്ചിലേറ്റിയെന്നാണ് വോട്ടെണ്ണൽ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെമ്പാടും പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ടിവികെ പ്രവർത്തകർ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. നടനിൽ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള വിജയ്യുടെ മാറ്റം തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ്
