Thursday, June 11, 2026

കാത്തിരിപ്പിന് വിരാമം; ലോകകപ്പിന് ഇന്ന് കിക്കോഫ്!

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 2026 ഫിഫ ലോകകപ്പിന് ഇന്ന് തുടക്കമാവുകയാണ്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരം ഇന്ത്യൻ സമയം ജൂൺ 12 ന് പുലർച്ചെ 12:30 നാണ് ആരംഭിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇത്തവണ അരങ്ങുണരുന്നത്. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളാണുള്ളത്.

സ്വന്തം കാണികൾക്ക് മുന്നിൽ വിജയത്തോടെ തുടങ്ങാനാകും മെക്സിക്കോ ഇന്നിറങ്ങുക. കൗതുകകരമായ ഒരു ചരിത്രം കൂടി ഈ ഗ്രൂപ്പ് എ ഉദ്ഘാടന മത്സരത്തിനുണ്ട്. 2010 ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിലെ ആദ്യ മത്സരത്തിലും ഇതേ ടീമുകൾ തന്നെയായിരുന്നു നേർക്കുനേർ വന്നത്. അന്ന് സിഫിവെ ഷബലാലയിലൂടെ ദക്ഷിണാഫ്രിക്ക മുന്നിലെത്തിയെങ്കിലും റാഫേൽ മാർക്വേസിന്റെ ഗോളിൽ മെക്സിക്കോ 1-1 ന് സമനില പിടിക്കുകയായിരുന്നു. അന്ന് ഗോളടിച്ച മാർക്വേസ് ഇന്ന് മെക്സിക്കൻ പരിശീലകൻ ഹാവിയർ അഗ്യൂറെയുടെ സഹപരിശീലകനായി ഒപ്പമുണ്ട് എന്നതും ഈ മത്സരത്തിന്റെ സവിശേഷതയാണ്.

സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം പൂർണ്ണമായും മുതലെടുക്കാനാണ് മെക്സിക്കോ ശ്രമിക്കുന്നത്. സ്വന്തം നാട്ടിൽ ഒരു ലോകകപ്പ് കളിക്കുന്നതിനേക്കാൾ വലിയൊരു ആവേശം തന്റെ അൻപത് വർഷത്തെ ഫുട്ബോൾ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നാണ് പരിശീലകൻ അഗ്യൂറെ വ്യക്തമാക്കിയത്. ടീം ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറുഭാഗത്ത്, ആഫ്രിക്കൻ യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് സിയിൽ ഒന്നാമന്മാരായാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. ഗ്രൂപ്പിലെ ഏറ്റവും ശക്തരായ ടീമാണ് മെക്സിക്കോ എങ്കിലും 90 മിനിറ്റും അവസാന നിമിഷം വരെ പൊരുതുമെന്ന് ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഹ്യൂഗോ ബ്രൂസും മിഡ്ഫീൽഡർ ടെബോഹോ മൊക്കോനയും വ്യക്തമാക്കി. പരിക്കിൽ നിന്ന് മുക്തനായി ഡിഫൻഡർ ഓബ്രി മൊഡിബ തിരിച്ചെത്തുന്നത് അവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

ഇരു ടീമുകളുടെയും സാധ്യത ഇലവനും ഇതിനോടകം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മെക്സിക്കോയുടെ സാധ്യത ഇലവൻ: റേഞ്ചൽ, ഗല്ലാർഡോ, വാസ്ക്വെസ്, മോണ്ടെസ്, റെയസ്, ഗുട്ടറസ്, ലിറ, ഫിഡാൽഗോ, ക്വിനോൺസ്, അൽവാറഡോ, ജിമെനെസ്. ദക്ഷിണാഫ്രിക്കയുടെ സാധ്യത ഇലവൻ: വില്യംസ്, മുഡാവു, ഒകോൺ, എംബൊകാസി, മൊഡിബ, മൊക്കോന, സിത്തോൾ, എംബാത്ത, മൊറേമി, ഫോസ്റ്റർ, അപ്പോളിസ്. ഗാലറി നിറയുന്ന കാണികൾക്കും ലോകമെമ്പാടുമുള്ള ആരാധകർക്കും മുന്നിൽ ലോകകപ്പ് ചരിത്രം വീണ്ടും തിരുത്തിയെഴുതപ്പെടുമ്പോൾ ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഇപ്പോൾ മെക്സിക്കോ സിറ്റിയിലേക്കാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!