പ്രവാസ മണ്ണിൽ കേരളത്തിന്റെ തനത് സംസ്കാരത്തിന്റെ താളം ലോക റെക്കോർഡിലേക്ക് ഉയർത്തിയ കൂട്ടത്തിൽ നയാഗ്ര തരംഗവും.
പെനിസിൽവാനിയയിൽ വെച്ച് നടന്ന fokana കൺവെൻഷനിൽ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ നടത്തിയ മെഗാ ചെണ്ടമേളത്തിൽ ഭാഗമായതാണ് കാനഡയിലെ ‘നയാഗ്ര തരംഗ’ത്തിന് “Largest Chenda Melam in the World” എന്ന നേട്ടത്തിലൂടെ ആണ് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടാൻ സാധ്യമായത്.

2009 മുതൽ കാനഡയിൽ മലയാളികളുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും പുതുതലമുറയിലേക്ക് കൈമാറുകയും ചെയ്യുന്ന കൂട്ടായ്മയാണ് നയാഗ്ര തരംഗം. “One Rhythm, One Record, One Community, One Historic Achievement” എന്ന സന്ദേശവുമായി ഒരുക്കിയ ഈ മഹത്തായ ചെണ്ടമേളം പ്രവാസി മലയാളികളുടെ കൂട്ടായ്മയുടെയും കേരളീയ സംസ്കാരത്തോടുള്ള അഗാധമായ ബന്ധത്തിന്റെയും പ്രതീകമായി മാറി.

ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക ലോഗോയ്ക്ക് മുന്നിൽ കസവുമുണ്ടും കറുത്ത ടീ-ഷർട്ടും അണിഞ്ഞ് അഭിമാനത്തോടെ നിൽക്കുന്ന ടീം അംഗങ്ങളുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
നയാഗ്ര തരംഗത്തിന്റെ സാരഥികളായ പതിമൂന്ന് പ്രതിഭകൾ ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയതോടെ, തലമുറകളോളം ഓർമിക്കപ്പെടുന്ന ചരിത്രനേട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്.

“Proud of Our Culture, Proud of Our People. A Moment That Will Echo For Generations!” എന്ന സന്ദേശത്തോടെയാണ് ടീം ഈ അഭിമാനനിമിഷം ആഘോഷിക്കുന്നത്.
ഇത് കേവലം ഒരു വാദ്യമേളത്തിന്റെ നേട്ടമല്ല. പ്രവാസ ലോകത്ത് കേരളം തീർത്ത ഒരു സാംസ്കാരിക തരംഗമാണിത്. ചെണ്ടയുടെ താളം ലോക റെക്കോർഡിന്റെ പട്ടികയിൽ ഇടംപിടിക്കുമ്പോൾ, നയാഗ്ര തരംഗം ഓരോ മലയാളിക്കും അഭിമാനിക്കാവുന്നൊരു ചരിത്രം കൂടിയാണ് സമ്മാനിച്ചിരിക്കുന്നത്.

