ഓട്ടവ: ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് കാനഡയിൽ പഠനത്തിനും സ്ഥിരതാമസത്തിനും പുതിയ അവസരം. ഫ്രാങ്കോഫോൺ മൈനോറിറ്റി കമ്മ്യൂണിറ്റി സ്റ്റുഡന്റ് പൈലറ്റ് (FMCSP) പദ്ധതിയുടെ പുതിയ ഘട്ടത്തിലേക്കുള്ള അപേക്ഷകൾ ഓഗസ്റ്റ് 26 മുതൽ സ്വീകരിക്കും.
ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന 33 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കായി ഈ ഘട്ടത്തിൽ 2,970 സ്റ്റഡി പെർമിറ്റുകൾ അനുവദിക്കും. മുൻ വർഷങ്ങളിലെ വിജയകരമായ പ്രവർത്തനത്തെ തുടർന്ന് പദ്ധതി വിപുലീകരിച്ച് 2027 ഓഗസ്റ്റ് 25 വരെ നീട്ടിയിട്ടുണ്ട്.
കെബെക്കിന് പുറത്തുള്ള പഠന സ്ഥാപനങ്ങളിൽ പ്രവേശനം
കെബെക്കിന് പുറത്തുള്ള അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷം ദൈർഘ്യമുള്ള ബിരുദം, ഡിപ്ലോമ തുടങ്ങിയ പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
അപേക്ഷകർക്ക് NCLC ലെവൽ 5 ഫ്രഞ്ച് ഭാഷാ പ്രാവീണ്യം ഉണ്ടായിരിക്കണം. സാധാരണ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ആവശ്യമായ പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ (PAL) ഈ പദ്ധതിയിലൂടെ അപേക്ഷിക്കുന്നവർക്ക് ആവശ്യമില്ലെന്നതും പ്രധാന പ്രത്യേകതയാണ്.

പഠനത്തിന് ശേഷം പി.ആറിനും അവസരം
പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം പഠനം പൂർത്തിയാക്കിയ ശേഷം കാനഡയിൽ സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാനുള്ള അവസരമാണ്. ഇതിനായി ജോലി ഓഫറോ മുൻ പ്രവൃത്തിപരിചയമോ നിർബന്ധമല്ലെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
പി.ആർ അപേക്ഷ പരിഗണനയിലിരിക്കെ യോഗ്യത നേടുന്ന ബിരുദധാരികൾക്ക് മൂന്ന് വർഷം വരെ കാലാവധിയുള്ള ഓപ്പൺ വർക്ക് പെർമിറ്റിനും അർഹതയുണ്ടാകും.
ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള വിദേശ വിദ്യാർഥികൾക്ക് കാനഡയിൽ പഠനം പൂർത്തിയാക്കി തുടർന്ന് സ്ഥിരതാമസത്തിലേക്ക് നീങ്ങുന്നതിനുള്ള കൂടുതൽ സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
