ടൊറന്റോ: ഭക്തിയും ആഘോഷവും ഒത്തുചേർന്ന മനോഹര അനുഭവമായി ധർമ്മ സംഘടിപ്പിച്ച ജന്മാഷ്ടമി ആഘോഷം. എയ്ജാക്സിലെ ഗ്രീൻവുഡ് കൺസർവേഷൻ ഏരിയയിൽ നടന്ന ആഘോഷം സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും സമൂഹത്തിന്റെ കൂട്ടായ്മയ്ക്ക് പ്രാധാന്യം നൽകിയും വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിച്ചത്.
വർണാഭമായ ശോഭായാത്രയും പ്രച്ഛന്നവേഷ മത്സരവും
മുതിർന്നവരും കുട്ടികളും ഒരുമിച്ചണിനിരന്ന വർണാഭമായ ശോഭായാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. മുത്തുക്കുടകളും താലപ്പൊലിയും ചെണ്ടമേളവും അകമ്പടിയായപ്പോൾ, ആഘോഷവഴികൾ ഗോകുലസ്മരണകളുണർത്തി. നൂറുകണക്കിന് കുട്ടിക്കൃഷ്ണന്മാരും രാധമാരും വിവിധ പുരാണകഥാപാത്രങ്ങളും അണിനിരന്ന ശോഭായാത്ര കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.

കുട്ടികൾക്കായി സംഘടിപ്പിച്ച പ്രച്ഛന്നവേഷ മത്സരവും ഏറെ ശ്രദ്ധേയമായി. ഐതിഹാസികവും പുരാണപരവുമായ കഥാപാത്രങ്ങളെ കുട്ടികൾ തനിമയോടെ പുനരാവിഷ്കരിച്ചത് ആഘോഷത്തിന് കൂടുതൽ ഭംഗിയേകി.
കായികമത്സരങ്ങളും രുചിവൈവിധ്യങ്ങളും
ഉത്സവാന്തരീക്ഷത്തിന് കൂടുതൽ ആവേശം പകരാൻ പരമ്പരാഗത ഉറിയടി, സൈക്കിൾ റേസ്, ലെമൺ റേസ്, വടംവലി തുടങ്ങിയ വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു.

ഭക്ഷണവിഭവങ്ങളും ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. കുട്ടികൾക്കായി പോപ്കോൺ, കോട്ടൺ കാൻഡി, വിവിധതരം ജ്യൂസുകൾ എന്നിവ ഒരുക്കി. തണുത്ത നാരങ്ങാവെള്ളം, സംഭാരം, നോർത്ത് ഇന്ത്യൻ ശൈലിയിലുള്ള പാനിപൂരി, ചാറ്റുകൾ എന്നിവയ്ക്കൊപ്പം ഉച്ചയോടെ ലൈവ് ദോശയും സ്വാദിഷ്ടമായ വെജിറ്റബിൾ ബിരിയാണിയും വിതരണം ചെയ്തു.

പ്രാദേശിക സംരംഭകർക്ക് വേദി
കമ്മ്യൂണിറ്റിയിലെ ചെറുകിട ഹോം ബിസിനസുകാർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും പരിചയപ്പെടുത്താനും അവസരം നൽകിയതും ഇത്തവണത്തെ ആഘോഷത്തിന്റെ പ്രത്യേകതയായി. പ്രാദേശിക സംരംഭകർക്ക് പിന്തുണ നൽകുന്നതിനുള്ള വേദിയായും ജന്മാഷ്ടമി ആഘോഷം മാറി.
കൂട്ടായ പരിശ്രമത്തിന്റെ വിജയം
മാസങ്ങളോളം നീണ്ട ആസൂത്രണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായിരുന്നു ധർമ്മയുടെ ജന്മാഷ്ടമി ആഘോഷത്തിന്റെ വിജയം. സ്വന്തം സമയവും സൗകര്യങ്ങളും മാറ്റിവെച്ച് കമ്മ്യൂണിറ്റിക്കായി അഹോരാത്രം പ്രവർത്തിച്ച ഭാരവാഹികൾക്കും വോളണ്ടിയർമാർക്കും സംഘാടകർ അഭിനന്ദനം അറിയിച്ചു.

കുട്ടികളെ മനോഹരമായി ഒരുക്കി പരിപാടികളിൽ പങ്കാളികളാക്കിയ എല്ലാ അമ്മമാരുടെയും പിന്തുണയും പ്രത്യേകം അനുമോദിക്കപ്പെട്ടു. ആഘോഷത്തിന് അകമഴിഞ്ഞ പിന്തുണ നൽകിയ സ്പോൺസർമാർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
ഭക്തിയും സന്തോഷവും ഒത്തൊരുമയും നിറഞ്ഞ ധർമ്മയുടെ ജന്മാഷ്ടമി ആഘോഷം പങ്കെടുത്ത എല്ലാവരുടെയും മനസ്സിൽ മായാത്ത ഓർമയായി മാറി.
