മണ്‍ട്രിയോള്‍: കാനഡയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധത്തിനിടയില്‍ കെബെക് കാനഡയ്ക്കൊപ്പം ഒന്നിച്ചുനില്ക്കണമെന്ന്് ലിബറല്‍ ലീഡര്‍ ചാള്‍സ് മില്യാര്ഡ്. കെബെക്കിന്റെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ഫെഡറലിസത്തെ പിന്തുണയ്ക്കുന്ന തങ്ങളുടെ പാര്‍ട്ടിക്ക് മാത്രമേ സാധിക്കൂ എന്നും ചാള്‍സ് മില്യാര്ഡ്.
സിനോപ്സിസ് റിസര്‍ച്ച് (Synopsis Recherche) നടത്തിയ സര്‍വേ പ്രകാരം ആരോഗ്യം (54%), പണപ്പെരുപ്പവും ഉയര്‍ന്ന ജീവിതച്ചെലവും (41%), ഭവന പ്രതിസന്ധി (34%), യു.എസ് വ്യാപാര യുദ്ധം മൂലമുള്ള അസ്ഥിരത (29%) എന്നിവയാണ് നിലവില്‍ കെബെക്ക് ജനത നേരിടുന്ന പ്രധാന ആശങ്കകള്‍. ഫാര്‍മസി, ബിസിനസ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ തന്റെ ദീര്‍ഘകാല പരിചയം ഈ പ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കണ്ടെത്താന്‍ സഹായിക്കുമെന്ന് ലെവിസ് (Lévis) സ്വദേശിയായ മില്യാര്ഡ് അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജൂലൈയില്‍ പ്രഖ്യാപിച്ച 50 ശതമാനം നികുതി വര്‍ധന കാനഡയിലെ മറ്റ് പ്രവിശ്യകളെക്കാള് കൂടുതല്‍ ബാധിക്കുന്നത് കെബെക്കിനെയാണ്. കെബെക്കിലെ മാനുഫാക്ചറിങ്, ഫോറസ്ട്രി, ഉപഭോഗ വസ്തുക്കളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ നിന്ന് എട്ട് ബില്യണ്‍ ഡോളറിലധികം തുകയുടെ കയറ്റുമതിയെയും പതിനെട്ടായിരത്തോളം തൊഴിലുകളെയും ഇത് പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ അമേരിക്കയിലേക്കുള്ള കയറ്റുമതി ആശ്രയത്വം കുറഞ്ഞത് 15 ശതമാനമെങ്കിലും കുറയ്ക്കാനാണ് ലിബറല്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിനായി ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുമെന്നും തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രവിശ്യയിലെ മുഴുവന്‍ ആളുകള്‍ക്കുമായി സാര്‍വത്രിക ‘ടെലിഹെല്‍ത്ത്’ (Telehealth) പദ്ധതി നടപ്പിലാക്കുമെന്നും മില്യാര്ഡ് പ്രഖ്യാപിച്ചു. ഇത് വഴി അടിയന്തര വിഭാഗങ്ങളിലെയും ക്ലിനിക്കുകളിലെയും തിരക്ക് കുറയ്ക്കാന്‍ സാധിക്കും. പ്രാദേശിക അനാവശ്യ തര്‍ക്കങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മറ്റ് രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കുന്നതെന്നും, അമേരിക്കയുമായുള്ള ഈ പ്രതിസന്ധി ഘട്ടത്തില്‍ കാനഡയിലെ മറ്റ് പ്രവിശ്യകളുമായി ചേര്‍ന്ന് ഒറ്റക്കെട്ടായി നില്‍ക്കുകയാണ് കെബെക്കിന് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
