Friday, September 11, 2026

2030ലെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കല്‍; 2050ല്‍ പോലും കാനഡയ്ക്ക് നേടാനാവില്ലെന്ന് പഠനം

ഓട്ടവ: പാരിസ് ഉടമ്പടി പ്രകാരം 2030-ഓടെ കൈവരിക്കേണ്ട കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കല്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാനഡ കടുത്ത പരാജയത്തിലേക്ക് നീങ്ങുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്. കാനഡ ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ‘കനേഡിയന്‍ ക്ലൈമറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്’ (CCI) പുറത്തുവിട്ട പഠനത്തിലാണ് നിലവിലെ കാലാവസ്ഥാ നയങ്ങളിലെ പിന്‍വാങ്ങല്‍ കാരണം കാനഡ ലക്ഷ്യങ്ങളില്‍ നിന്ന് 20 വര്‍ഷത്തിലധികം പിന്നിലായെന്ന് വ്യക്തമാക്കുന്നത്.

2050-ഓടെ പൂജ്യം കാര്‍ബണ്‍ വികിരണം (Net-zero emissions) എന്ന ലക്ഷ്യം കൈവരിക്കേണ്ട കാനഡയ്ക്ക്, 2030-ലെ ലക്ഷ്യം പോലും 2050-ല്‍ കൈവരിക്കാന്‍ കഴിഞ്ഞാല്‍ ഭാഗ്യമെന്ന സ്ഥിതിയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അധികാരമേറ്റതിന് ശേഷം നടപ്പിലാക്കിയ നയമാറ്റങ്ങളാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണം. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ കാലാവസ്ഥാ നയങ്ങള്‍ ‘വളരെ ചെലവേറിയതും ജനങ്ങളെ ഭിന്നിപ്പിക്കുന്നതുമാണ്’ എന്ന് ചൂണ്ടിക്കാട്ടിയാണ് കാര്‍ണി നയങ്ങളില്‍ ഇളവുകള്‍ വരുത്തിയത്.

ഉപഭോക്തൃ കാര്‍ബണ്‍ നികുതി റദ്ദാക്കിയതും, ഇലക്ട്രിക് വാഹന നിര്‍ബന്ധമാക്കല്‍ നയം (EV sales mandate) പിന്‍വലിക്കാന്‍ നീക്കം നടത്തുന്നതും, എണ്ണ-വാതക മേഖലയിലെ വികിരണ നിയന്ത്രണ പരിധികള്‍ ഒഴിവാക്കിയതും കാലാവസ്ഥാ പോരാട്ടങ്ങളെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ 21 വര്‍ഷത്തിനിടെ കാനഡയ്ക്ക് വികിരണ അളവില്‍ 10.3 ശതമാനം കുറവ് മാത്രമാണ് വരുത്താന്‍ സാധിച്ചത്.

ജി7 (G7) രാജ്യങ്ങളില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന രാജ്യമായി കാനഡ മാറിയിരിക്കുകയാണ്. അതേസമയം, 2050-ഓടെ പൂജ്യം കാര്‍ബണ്‍ വികിരണം എന്ന ലക്ഷ്യത്തില്‍ രാജ്യം ഉറച്ചുനില്‍ക്കുന്നുണ്ടെന്നും പുതിയ ശുദ്ധോര്‍ജ്ജ പദ്ധതികളിലൂടെയും അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും ഇത് സാധ്യമാക്കുമെന്നും പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!