എഡ്മിന്റന്‍: ആല്‍ബര്‍ട്ടയില്‍ പ്രകൃതിവാതക പൈപ്പ്ലൈനുകള് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പുതിയ ‘ക്രൗണ്‍ കോര്പ്പറേഷന്’ രൂപീകരിക്കാന്‍ സാധ്യതയില്ലെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. പ്രകൃതിവാതക ലഭ്യതക്കുറവ് പരിഹരിക്കാന്‍ നിലവില്‍ സ്വകാര്യ മേഖലയിലെ പങ്കാളിത്തമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. പ്രവിശ്യയില്‍ പുതിയ പ്രകൃതിവാതക പൈപ്പ്ലൈനുകള് സ്ഥാപിക്കുന്നതിനായി രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (ക്രൗണ്‍ കോര്‍പ്പറേഷനുകള്‍) രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ചോര്‍ന്ന മന്ത്രിസഭാ റിപ്പോര്‍ട്ടിന് പിന്നാലെയാണ് സ്മിത്തിന്റെ ഈ പ്രതികരണം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഡാറ്റാ സെന്ററുകള്‍ക്കും എണ്ണ ഉല്‍പ്പാദനത്തിനും ആവശ്യമായ ഇന്ധന ലഭ്യത ഉറപ്പാക്കാനാണ് പൈപ്പ്ലൈന് ശൃംഖല വികസിപ്പിക്കുന്നത്. നിലവില്‍ പ്രവിശ്യയിലെ പ്രധാന പൈപ്പ്ലൈന് ശൃംഖലയുടെ നിയന്ത്രണമുള്ള ‘ടിസി എനര്‍ജി’യുടെ (TC Energy) കുത്തകയാണ് പ്രധാന വെല്ലുവിളിയെന്ന് സ്മിത്ത് ചൂണ്ടിക്കാട്ടി. വിപണിയില്‍ കൂടുതല്‍ മത്സരം കൊണ്ടുവരുന്നതിനായി മറ്റ് സ്വകാര്യ കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും അതിനാല്‍ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ആവശ്യമില്ലെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, സര്‍ക്കാരിന്റെ ഈ നീക്കം പ്രവിശ്യയിലെ ജനങ്ങളുടെ വൈദ്യുതി നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് പ്രതിപക്ഷ എന്‍ഡിപി (NDP) നേതാവ് നഹീദ് നെന്‍ഷി മുന്നറിയിപ്പ് നല്കി. എന്നാല്‍ പ്രകൃതിവാതക വിതരണം വര്‍ദ്ധിപ്പിക്കുന്നത് വിലക്കയറ്റം തടയാന്‍ സഹായിക്കുമെന്നാണ് പ്രീമിയറുടെ വാദം.
