ഓട്ടവ: ജീവിതച്ചെലവ് വര്‍ധിക്കുന്നത് കാനഡയിലെ ജനനനിരക്കിനെ ബാധിക്കുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഒരു കുഞ്ഞിന് ജന്മം നല്‍കാനുളള പിതാക്കളുടെ തീരുമാനത്തെ സാമ്പത്തിക ഭദ്രതയും തൊഴില്‍ മേഖലയും സാധ്വീനിക്കുന്നതായി റിപ്പോര്‍ട്ട്. 2017 മുതല്‍ 2023 വരെയുള്ള കണക്കുകള്‍ അപഗ്രഥിച്ചാണ് ഏജന്‍സി ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കണക്കുകള്‍ പ്രകാരം, സാമ്പത്തികമായി ഏറ്റവും മുന്‍പന്തിയിലുള്ള (ടോപ്പ് 20 ശതമാനം) കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് ആദ്യമായി ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള സാധ്യത 14.1 ശതമാനമാണ്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന (താഴത്തെ 20 ശതമാനം) കുടുംബങ്ങളിലെ സ്ത്രീകളില്‍ ഇത് 5.6 ശതമാനം മാത്രമാണ്. അതായത്, ഉയര്‍ന്ന വരുമാനക്കാരായ കുടുംബങ്ങളിലുള്ള സ്ത്രീകള്‍ക്ക് ആദ്യ കുഞ്ഞുണ്ടാകാനുള്ള സാധ്യത കുറഞ്ഞ വരുമാനക്കാരെ അപേക്ഷിച്ച് രണ്ടിരട്ടിയിലധികമാണ്.

വര്‍ധിച്ചുവരുന്ന ജീവിതച്ചെലവാണ് ഇത്തരമൊരു മാറ്റത്തിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭക്ഷണവും പാര്‍പ്പിടവും ഗതാഗതവും കൂടാതെ വസ്ത്രങ്ങള്‍, ഡയപ്പറുകള്‍, ബേബി ഫര്‍ണിച്ചറുകള്‍ തുടങ്ങി ഒരു കുട്ടിയെ വളര്‍ത്തി 18 വയസ്സുവരെയെത്തിക്കാന് കുറഞ്ഞത് 3 ലക്ഷം ഡോളറോളം ചെലവ് വരുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
വരുമാനത്തിന് പുറമെ സ്ത്രീകളുടെ തൊഴില്‍ മേഖലയും ഇതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഏത് വരുമാന നിലവാരത്തിലുള്ളവരായാലും പൊതുമേഖലയിലും തൊഴില്‍ യൂണിയനുകള്‍ സജീവമായ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആദ്യമായി അമ്മയാകാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാനഡയിലെ ജനനനിരക്ക് 2024-ല്‍ എക്കാലത്തെയും കുറഞ്ഞ നിരക്കായ 1.25 ആയി താഴ്ന്ന പശ്ചാത്തലത്തിലാണ് ഈ പഠനം പുറത്തുവന്നിരിക്കുന്നത്.
