Thursday, September 17, 2026

ശമ്പള വര്‍ധനയുമായി ആമസോണ്‍ കാനഡ; മണിക്കൂറിന് 26.27 ഡോളര്‍ ആയി

വന്‍കൂവര്‍: കാനഡയിലെ ജീവനക്കാരുടെ ശരാശരി മണിക്കൂര്‍ അടിസ്ഥാന ശമ്പളം (Base wage) 26.27 ഡോളറായി ഉയര്‍ത്തിയതായി പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമന്മാരായ ആമസോണ്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1 ഡോളറിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.

സെപ്റ്റംബര്‍ 27 മുതല്‍ പുതിയ ശമ്പള വര്‍ധന നിലവില്‍ വരുമെന്ന് ബുധനാഴ്ച കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. നാല് ശതമാനത്തിന്റെ (4%) വാര്‍ഷിക വര്‍ധനയാണിത്. ഇതോടെ ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരു മുഴുവന്‍ സമയ (Full-time) ജീവനക്കാരന്റെ ശരാശരി പ്രതിവര്‍ഷ വരുമാനം 54,000 ഡോളറിലധികമായി ഉയരും.

അതേസമയം, ബിസി (British Columbia) ലേബര്‍ റിലേഷന്‍സ് ബോര്‍ഡ് ഉത്തരവിട്ട മധ്യസ്ഥ ചര്‍ച്ചകള്‍ അവസാനിക്കുന്ന ഘട്ടത്തിലാണ് കമ്പനിയുടെ ഈ പ്രഖ്യാപനം വന്നിരിക്കുന്നത് എന്ന് മെട്രോ വഞ്ചൂവറിലെ ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനായ ‘യൂണിഫോര്‍’ (Unifor) പ്രതികരിച്ചു. തൊഴിലാളികള്‍ക്ക് ഉടന്‍ ലഭിക്കാനിരിക്കുന്ന പുതിയ കരാറിന്റെ പശ്ചാത്തലത്തിലാണ് കമ്പനി ഈ തീരുമാനം എടുത്തതെന്നും യൂണിയന്‍ വ്യക്തമാക്കി.

ഡെല്‍റ്റയിലെ (Delta, B.C.) വെയര്‍ഹൗസിലെ യൂണിയന്‍ തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ‘ബൈന്‍ഡിങ് ആര്‍ബിട്രേഷന്‍’ (Binding arbitration) ഉപയോഗിക്കാന്‍ കഴിഞ്ഞ മാസം ലേബര്‍ ബോര്‍ഡ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ആമസോണ്‍ ഈ നീക്കത്തെ എതിര്‍ക്കുകയാണുണ്ടായത്. യൂണിയനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ തുടരാനാണ് തങ്ങള്‍ക്ക് താല്പര്യമെന്ന് വ്യക്തമാക്കി മധ്യസ്ഥന്റെ ശുപാര്‍ശ ആമസോണ്‍ മുന്‍പ് തള്ളിക്കളഞ്ഞിരുന്നു.

മറ്റ് ജീവനക്കാര്‍ക്ക് നല്‍കിയ ശമ്പള വര്‍ദ്ധനവില്‍ നിന്ന് ഡെല്‍റ്റയിലെ യൂണിയന്‍ തൊഴിലാളികളെ ഒഴിവാക്കിയതിലൂടെ ആമസോണ്‍ ബി.സിയുടെ തൊഴില്‍ നിയമം ലംഘിച്ചതായി ബോര്‍ഡ് നേരത്തെ കണ്ടെത്തിയിരുന്നു.

ശമ്പള വര്‍ധനക്ക് പുറമെ, ഒക്ടോബര്‍ 1 മുതല്‍ കനേഡിയന്‍ വെബ്സൈറ്റ് വഴി ഗ്രോസറി സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വാങ്ങുമ്പോള്‍ ചില ജീവനക്കാര്‍ക്ക് 10 ശതമാനം ഇളവ് (Discount) നല്‍കുമെന്നും ആമസോണ്‍ അറിയിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!