കനേഡിയൻ വ്യവസായിയും മാഗ്ന സ്ഥാപകനുമായ 94കാരൻ ഫ്രാങ്ക് സ്ട്രോണക്കിനെതിരെ ചരിത്രപരമായ ‘ഇൻഡീസന്റ് അസോൾട്ട്’ കേസിൽ ആറുമാസത്തെ തടവ് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ടൊറന്റോ കോടതിയിൽ ആവശ്യപ്പെട്ടു. 1977-ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട കുറ്റത്തിലാണ് സ്ട്രോണക്ക് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സെപ്റ്റംബർ 17-ന് നടന്ന ശിക്ഷാ വാദത്തിലാണ് പ്രോസിക്യൂഷൻ ശിക്ഷ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്.

കുറ്റകൃത്യം പരാതിക്കാരിക്ക് ദീർഘകാല പ്രത്യാഘാതമുണ്ടാക്കിയെന്നും സംഭവം അപ്രതീക്ഷിതവും ഗുരുതരമായ മാനസിക ആഘാതം സൃഷ്ടിച്ചതുമായിരുന്നുവെന്നും ക്രൗൺ അഭിഭാഷക ജെലീന വ്ലാസിച്ച് വാദിച്ചു. സംഭവസമയത്ത് പരാതിക്കാരിക്ക് 25 വയസും സ്ട്രോണക്കിന് അവരേക്കാൾ ഏകദേശം 20 വയസ്സ് കൂടുതലുമുണ്ടായിരുന്നുവെന്നതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

അതേസമയം, സ്ട്രോണക്കിന് മുൻ ക്രിമിനൽ റെക്കോർഡ് ഇല്ലാത്തതും ദീർഘകാലമായി കാനഡയിലെ പ്രമുഖ വ്യവസായിയായിരുന്നുവെന്നതും പ്രതിഭാഗം ഉന്നയിക്കുന്ന ലഘൂകരണ ഘടകങ്ങളാണ്. പ്രോസിക്യൂഷന്റെ ആറുമാസത്തെ തടവ് ആവശ്യപ്പെടൽ “അമിതമായതാണ്” എന്നാണ് പ്രതിഭാഗം വാദിച്ചത്. ഈ കേസിൽ നേരത്തെ ഉണ്ടായിരുന്ന ലൈംഗികാതിക്രമ കുറ്റവിധിയിൽ പിന്നീട് മിസ്ട്രയൽ പ്രഖ്യാപിക്കപ്പെട്ടതിനെതിരെ ക്രൗൺ അപ്പീൽ നൽകിയിട്ടുമുണ്ട്.

