Thursday, September 24, 2026

മിനിമം ചാർജ് 15 രൂപയാക്കണം; വിദ്യാർഥി നിരക്ക് കൂട്ടണം; സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി ബസ് ഉടമകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി. മിനിമം ബസ് ചാർജ് 12 രൂപയിൽ നിന്ന് 15 രൂപയായി ഉയർത്തണമെന്നും വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് നിലവിലെ നിരക്കിന്റെ 50 ശതമാനമാക്കണമെന്നുമാണ് പ്രധാന ആവശ്യം.

ആവശ്യങ്ങൾ അടിയന്തരമായി അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നിരത്തിലിറക്കാതെ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി.

വിദ്യാർഥികളുടെ യാത്രാനിരക്ക് നിലവിലെ നിരക്കിന്റെ 50 ശതമാനമായി പുനഃക്രമീകരിക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. കുറഞ്ഞത് അഞ്ച് രൂപ മുതൽ പരമാവധി 7.50 രൂപ വരെയെങ്കിലും വിദ്യാർഥി നിരക്ക് നിശ്ചയിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കഴിഞ്ഞ നാലര വർഷമായി സ്വകാര്യ ബസ് നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും ഈ കാലയളവിൽ ഡീസൽ വിലയിൽ മാത്രം 13 രൂപയുടെ വർധനവുണ്ടായെന്നും ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള മാറ്റങ്ങൾ സ്വകാര്യ ബസ് മേഖലയിലെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചെന്നും സംഘടന വ്യക്തമാക്കി.

നിരക്ക് വർധനയില്ലാതെ നിലവിലെ സാഹചര്യത്തിൽ സർവീസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.

സംസ്ഥാനത്തെ മറ്റ് സ്വകാര്യ ബസ് ഉടമ സംഘടനകളുമായി ചർച്ച നടത്തിയ ശേഷം വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാനാണ് സംഘടനയുടെ തീരുമാനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!