ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യമുന എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിന് തീപിടിച്ച് ഒമ്പത് പേർ മരിച്ചു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് പോകുകയായിരുന്ന ബസിൽ 35ഓളം യാത്രക്കാരുണ്ടായിരുന്നു.
നോയിഡ-ആഗ്ര റൂട്ടിലെ 33-ാം മൈലിന് സമീപമെത്തിയപ്പോൾ ഡ്രൈവറുടെ ക്യാബിനിൽ നിന്ന് കത്തുന്ന മണം അനുഭവപ്പെട്ടതായി രക്ഷപ്പെട്ട യാത്രക്കാരിലൊരാൾ പറഞ്ഞു. ഇക്കാര്യം ഡ്രൈവറെയും കണ്ടക്ടറെയും അറിയിച്ചെങ്കിലും മുന്നറിയിപ്പ് അവഗണിച്ചെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്.
ബസിന്റെ ക്യാബിനിൽ ഡ്രൈവറും കണ്ടക്ടറും സിഗരറ്റ് വലിച്ചിരുന്നതായും എഫ്ഐആറിൽ പരാമർശിക്കുന്നുണ്ട്. പിന്നാലെ ഡ്രൈവറുടെ സീറ്റിന് സമീപം തീപിടിത്തമുണ്ടായി. ബസ് നിർത്താൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ആദ്യം വാഹനം നിർത്തിയില്ലെന്നും പരാതിയിൽ പറയുന്നു.

മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നതിനാൽ തീപിടിത്തം വലിയ പരിഭ്രാന്തിക്കിടയാക്കി. തീ അതിവേഗം ബസിലാകെ പടർന്നതോടെ ബസിനുള്ളിൽ കനത്ത പുക നിറഞ്ഞു. ശ്വാസംമുട്ടിയ ചില യാത്രക്കാർ രക്ഷപ്പെടുന്നതിനായി ബസിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അപകടത്തിന്റെ സാഹചര്യങ്ങളും തീപിടിത്തത്തിന്റെ കാരണവും സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
