പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മീഷണർ വ്യക്തമാക്കി. യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കമ്മീഷണറുടെ വിശദീകരണം.
ഭക്തർ തിരുവാഭരണമായി സ്വർണം മാത്രമല്ല സമർപ്പിക്കുന്നതെന്നും കമ്മീഷണർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിശദീകരണം ദേവസ്വം കമ്മീഷണർക്ക് കൈമാറിയതായും അറിയിച്ചു.
തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെ സ്വർണക്കിരീടം കാണാതായെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് തിരുവാഭരണ കമ്മീഷണറുടെ വിശദീകരണം. യഥാർഥ കിരീടവും ഫാൻസി കിരീടങ്ങളും സ്ട്രോങ് റൂമിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക നിലപാട്.

55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം 2012ൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ ശബരിമലയിൽ സമർപ്പിച്ചതാണ്. 445.78 ഗ്രാം തൂക്കമുള്ള കിരീടമായിരുന്നു ഇത്. എന്നാൽ സ്ട്രോങ് റൂമിൽ കണ്ടെത്തിയ കിരീടത്തിന് 240 ഗ്രാം മാത്രമാണ് തൂക്കമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.
ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ നടത്തിയ തിരുവാഭരണങ്ങളുടെ കണക്കെടുപ്പിന് പിന്നാലെയാണ് സ്വർണക്കിരീടവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നത്.
സ്വർണക്കിരീടം ഉൾപ്പെടെയുള്ള തിരുവാഭരണങ്ങളുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആശയക്കുഴപ്പങ്ങൾക്ക് വിശദീകരണം നൽകുന്നതിനായാണ് കമ്മീഷണർ ദേവസ്വം കമ്മിഷണർക്ക് റിപ്പോർട്ട് കൈമാറിയത്.
